കോഴിക്കോട്: പതിവുപരിശോധനയ്ക്ക് ഷാപ്പിൽനിന്ന് ശേഖരിച്ച സാംപിൾ കള്ള് എക്സൈസ് ഓഫീസിലും പരിശോധനാലാബിലും എത്തിക്കാത്ത സംഭവത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർക്ക് (ഗ്രേഡ്) എതിരേ അന്വേഷണം തുടങ്ങി. താമരശ്ശേരി എക്സൈസ് റെയ്‌ഞ്ച് ഓഫീസിലാണ് സംഭവം. ഈ റെയ്‌ഞ്ചിനുകീഴിലെ ആനക്കാംപൊയിൽ, നരിക്കുനി എന്നിവിടങ്ങളിലെ രണ്ട് കള്ളുഷാപ്പുകളിൽനിന്നാണ് എക്സൈസ് പ്രിവന്റീവ് ഓഫീസർ സാംപിളുകൾ ശേഖരിച്ചത്.
രണ്ടുഷാപ്പുകളിൽനിന്നുമായി 500 മില്ലിലിറ്റർ വീതമുള്ള നാലുകുപ്പി കള്ളാണ് ശേഖരിച്ചത്. രണ്ടുകുപ്പി കള്ള് രാസപരിശോധനയ്ക്കായി കോഴിക്കോട് റീജണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിലേക്കും മറ്റ് രണ്ടുകുപ്പികൾ കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിൽ സൂക്ഷിക്കാനുമുള്ളതാണ്. രണ്ടുഷാപ്പുകളിൽനിന്നായി കള്ളിന്റെ സാംപിളുകൾ ശേഖരിച്ച വിവരം ഇ-മെയിൽ വഴി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിൽ താമരശ്ശേരി റെയ്‌ഞ്ച് ഓഫീസ് മുഖേന ലഭിച്ചു.
എന്നാൽ, ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലേക്കോ പരിശോധനാലാബിലേക്കോ ദിവസങ്ങൾ കഴിഞ്ഞിട്ടും കള്ളുകുപ്പികൾ എത്തിയതുമില്ല. റെയ്‌ഞ്ചുകളിലെ കള്ളുഷാപ്പ് പരിശോധനയുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കുന്നതിനിടയിൽ ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലെ എക്സൈസ് ഉദ്യോഗസ്ഥനാണ് ഈ രണ്ട് കള്ളുകുപ്പികൾ കിട്ടാത്ത വിവരം താമരശ്ശേരി റെയ്‌ഞ്ച് ഓഫീസ് ഇൻസ്പെക്ടറെ ഫോണിൽ വിളിച്ചറിയിക്കുന്നത്.
തുടർന്നുനടന്ന പ്രാഥമികാന്വേഷണത്തിൽ ഷാപ്പിൽനിന്ന് സാംപിളുകൾ എടുത്തിട്ടുണ്ടെന്ന് കണ്ടെത്തി. ഇതോടെ ഡെപ്യൂട്ടി കമ്മിഷണർ തുടരന്വേഷണത്തിന് എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജിയെ ചുമതലപ്പെടുത്തി. സാംപിൾപരിശോധനയ്ക്ക് എടുത്ത കള്ള് യഥാസമയം തിരിച്ചുകിട്ടിയില്ലെന്ന് എക്സൈസ് ഇൻസ്പെക്ടർ റിപ്പോർട്ടും നൽകി. ഇതോടെ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ സാംപിൾ കള്ള് ശേഖരിച്ച എക്സൈസ് പ്രിവന്റീവ് ഓഫീസറോട് വിശദീകരണം തേടി. സാംപിൾ കള്ളുപോയ വഴികണ്ടുപിടിക്കാൻ നിലവിൽ വകുപ്പുതല അന്വേഷണം തുടരുകയുമാണ്.



















































