ബ്രിസ്ബെൻ. പ്രേക്ഷകരെ കരയിപ്പിച്ചും ചിരിപ്പിച്ചും ക്വീൻസ് ലാൻഡിലെ തീയറ്ററുകളിൽ വിജയഗാഥ രചിച്ച് ഗോസ്റ്റ് പാരഡൈസ് സിനിമ കൂടുതൽ തീയറ്ററുകളിലേക്ക്. ക്വീൻസ്ലാൻഡിൽ നിർമിച്ച് പ്രദർശിപ്പിച്ച ആദ്യ മലയാള സിനിമയെന്നതിന് പുറമെ 26 നവാഗതരെ അണിനിരത്തി നിർമിച്ച സിനിമയെന്ന പ്രത്യേകതയും സ്വന്തമാക്കി ഗോസ്റ്റ് പാരഡൈസ് റിലീസിന് മുൻപേ തന്നെ ശ്രദ്ധ നേടിയിരുന്നു.
ബ്രിസ്ബെനിലെ ഗാർഡൻ സിറ്റിയിലെ ഇവന്റ് സിനിമാസിൽ നിറഞ്ഞ സദസിൽ ആയിരുന്നു കഴിഞ്ഞ ദിവസം ആദ്യ പ്രദർശനം നടന്നത്. മോശം കാലാവസ്ഥയെ അവഗണിച്ച് ക്വീൻസ്ലാൻഡിലെ ബ്രിസ്ബെൻ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ നിന്നുള്ള മലയാളികൾ സിനിമ കാണാൻ എത്തിയിരുന്നു. പുതുമുഖങ്ങളെ സ്‌ക്രീനിൽ കണ്ടതോടെ കൈ അടിച്ചും വിസിലടിച്ചുമാണ് പ്രേക്ഷകർ ആഹ്ലാദ പ്രകടനം നടത്തിയത്. 26 പേരും ആദ്യമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും ഓരോരുത്തരുടേയും അഭിനയം ഒന്നിനൊന്ന് മെച്ചമായിരുന്നുവെന്ന് പ്രേക്ഷകർ പറയുന്നു. ആദ്യ പ്രദർശനം കാണാൻ ചിത്രത്തിന്റെ സംവിധായകനും നിർമാതാവുമായ ജോയ് കെ. മാത്യുവും കുടുംബസമേതം എത്തിയിരുന്നു.
നടനും ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യവുമായ ജോയ് കെ. മാത്യു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. നായക കഥാപാത്രമായി വേഷമിട്ടിരിക്കുന്നതും ജോയ് കെ. മാത്യു തന്നെയാണ്. ജോയ് കെ.മാത്യുവിന്റെ കീഴിൽ ചലച്ചിത്ര പരിശീലനം നേടിയവരാണ് സിനിമയിലെ 26 നവാഗത പ്രതിഭകളും. ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ താമസിക്കുന്ന മലയാളികളിൽ നിന്ന് സിനിമയോടും കലയോടും താൽപര്യമുള്ളവരെ കണ്ടെത്തിയാണ് പരിശീലനം നൽകിയത്.
അപ്രതീക്ഷിതമായി ഒരാളുടെ കടന്ന് വരവോടെ ഒരു കുടുംബത്തിന്റെ സമാധാനം നഷ്ടപ്പെടുന്നതും ആ വ്യക്തിയെ ഒഴിവാക്കാനുള്ള കുടുംബാംഗങ്ങളുടെ ശ്രമങ്ങളും അതേ തുടർന്നുണ്ടാകുന്ന സങ്കീർണതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. രസകരവും വ്യത്യസ്തവുമായ ജീവിതാനുഭവങ്ങളും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളുമായി പ്രേക്ഷകർക്ക് വേറിട്ട അനുഭവമാണ് ഗോസ്റ്റ് പാരഡൈസ് എന്ന സിനിമ സമ്മാനിക്കുന്നത്.
ഹൃദയസ്പർശിയായ സിനിമയെന്ന നിലയിൽ ആദ്യ പ്രദർശനത്തോടെ തന്നെ ഗോസ്റ്റ് പാരഡൈസ് ക്വീൻസ് ലാൻഡിലെ മലയാളികളുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. ഡിസംബർ 2-ന് ഗോൾഡ് കോസ്റ്റിലും നിറഞ്ഞ സദസിൽ പ്രദർശനം നടന്നു. വരും ദിവസങ്ങളിൽ ബ്രിസ്‌ബെൻ സിറ്റി, ബണ്ടബർഗ്, സൺഷൈൻ കോസ്റ്റ് തുടങ്ങി വിവിധ തീയറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുമെന്ന് നിർമാതാവ് കൂടിയായ ജോയ് കെ.മാത്യു പറഞ്ഞു. ജോയ് കെ.മാത്യുവിന്റെ ഗ്ലോബൽ മലയാളം സിനിമയുടെ ബാനറിൽ ഓസ്ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രിയുടെ സഹകരണത്തോടെയാണ് ചിത്രം പുറത്തിറക്കിയത്.
കേരളത്തിലും ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിലുമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിൽ ജോയ് കെ.മാത്യുവിനെ കൂടാതെ മലയാളികളുടെ ഇഷ്ട താരങ്ങളായ കൈലാഷ്, ശിവജി ഗുരുവായൂർ, സോഹൻ സീനുലാൽ, സാജു കൊടിയൻ, മോളി കണ്ണമ്മാലി, ലീലാകൃഷ്ണൻ, അംബിക മോഹൻ, പൗളി വൽസൻ, കുളപ്പുള്ളി ലീല, ടാസോ, അലന എന്നിവരും മുഖ്യ വേഷങ്ങളിലുണ്ട്.
ആദ്യ പ്രദർശനത്തോട് അനുബന്ധിച്ച് ഇവന്റ് സിനിമാസിൽ നടന്ന ചടങ്ങിൽ ഹോളിവുഡ് ഫിലിം ഡയറക്ടർ അലൻ, നടി അലന, ക്വീൻസ്ലാൻഡിലെ ആദ്യ മലയാളി അസോസിയേഷന്റെ സ്ഥാപക അംഗങ്ങളിൽ പ്രധാനിയും സെന്റ്.സ്റ്റീഫൻ കാതോലിക് ചർച്ച് വികാരിയുമായ ഫാ.തോമസ് അരീക്കുഴി, സെന്റ്. തോമസ് സിറോ മലബാർ ചർച്ച് ബ്രിസ്ബെൻ വികാരി ഫാ. എബ്രഹാം നാടുകുന്നേൽ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റീസ് ഓഫ് ക്വീൻസ്ലാൻഡ് പ്രസിഡന്റ് പ്രീതി സുരാജ്, ബ്രിസ്ബേൻ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളി സഹ വികാരി ഫാ.റോബിൻ ഡാനിയേൽ, ബ്രിസ്‌ബെൻ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് റജി ചാക്കോ, സംസ്‌കൃതി ബ്രിസ്ബെൻ പ്രസിഡന്റ് ശ്രീജിത് പിള്ള, നടനും ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റുമായ സാജു സി.പി,
മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ്ലാൻഡ് പ്രസിഡന്റ് നീതു ബിജോർ, സൺഷൈൻ കോസ്റ്റ് മലയാളി അസോസിയേഷൻ സെക്രട്ടറി അനൂപ് വർഗീസ്, കൈരളി ബ്രിസ്ബെൻ സെക്രട്ടറി ജിജോ കുമ്പിക്കാൽ ജോർജ്, നവരസ സൺഷൈൻ കോസ്റ്റ് പ്രതിനിധി ദിലീപ് പട്ടായത്ത്, സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷൻ പ്രസിഡന്റ് പ്രജിൽ തോമസ്, 26 പുതുമുഖങ്ങളുടെ പ്രതിനിധിയും നടനുമായ അഡ്വ.ഷാമോൻ, നടനും വേൾഡ് മലയാളി കൗൺസിൽ ബ്രിസ്‌ബെൻ ചാപ്റ്റർ ചെയർമാനുമായ ഷാജി തേക്കനത്ത്, വേൾഡ് മലയാളി കൗൺസിൽ ബ്രിസബെൻ ചാപ്റ്റർ സെക്രട്ടറി ജിജോ, വേൾഡ് മലയാളി ഫെഡറേഷൻ നാഷനൽ കോ-ഓർഡിനേറ്റർ ജിമ്മി അരിക്കാട്, സിഎസ്ഐ ചർച്ച് സെക്രട്ടറി അബിൻ ഫിലിപ്പ്, മെൻസ് ഗ്രൂപ്പ് ഗോൾഡ് കോസ്റ്റ് പ്രസിഡന്റ് ബിനോയ് തോമസ്,സ്വർഗം ചലച്ചിത്ര നിർമ്മാതാവ് രഞ്ജിത് ജോൺ,നോർത്ത് ബ്രിസ്ബെൻ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ഫിലിപ്പ് മാണി എന്നിവർ പ്രസംഗിച്ചു. പിആർഓ- പി.ആർ. സുമേരൻ.
















































