ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ പാലമായി പ്രവർത്തിച്ചത് ജോൺ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഇക്കാര്യത്തിൽ ബ്രിട്ടാസിനെ താൻ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി രാജ്യസഭയിൽ പറഞ്ഞു. സർവ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും മന്ത്രി വെളിപ്പെടുത്തി.
ഇക്കാര്യത്തിൽ കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് തനിക്കു അറിയില്ല. സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ പറഞ്ഞു.
അതേസമയം കേന്ദ്രമന്ത്രി പറഞ്ഞത് സത്യം തന്നെയെന്നും പലതവണ മന്ത്രിയെ കണ്ടിട്ടുണ്ടെന്നും മധ്യസ്ഥം വഹിച്ചത് കേരളത്തിന് വേണ്ടിയെന്നും ജോൺ ബ്രിട്ടാസ് പാർലമെന്റിനു പുറത്തു പറഞ്ഞു. കേരളത്തിൻറെ വിഷയം ഏറ്റെടുത്ത് കേന്ദ്ര മന്ത്രിയുടെ അടുത്തു പോയി എന്ന് പറഞ്ഞതിൽ സന്തോഷമേയുള്ളു. എന്നാൽ പിഎം ശ്രീ കരാർ ഒപ്പിടുന്നതിൽ മധ്യസ്ഥം വഹിച്ചിട്ടില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

















































