ഹൈദരാബാദ്: നാല് വയസുകാരിക്ക് ഹൈദരാബാദിൽ അതിക്രൂര മർദനം. ഹൈദരാബാദിലെ ജീഡിമെറ്റ്‌ലയിലെ ഷാപൂർ നഗറിൽ പ്രവർത്തിക്കുന്ന നഴ്‌സറി സ്‌കൂളിലാണ് സംഭവം. നാല് വയസുകാരിയെ ശുചിമുറിയിലേക്ക് കൊണ്ടുപോയ സ്‌കൂൾ ജീവനക്കാരി കുട്ടിയെ നിലത്തെറിയുന്നതും ചവിട്ടുന്നതും കഴുത്ത് ഞെരിക്കാൻ ശ്രമിക്കുന്നതും ക്രൂരമായി മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ഇതേ സ്‌കൂളിലെ ബസിൽ ആയയായി ജോലി ചെയ്യുന്ന ജീവനക്കാരിയുടെ കുഞ്ഞാണ് ആക്രമിക്കപ്പെട്ടത്. സ്കൂളിലെ മറ്റൊരു ജീവനക്കാരിയായ ലക്ഷ്മിയാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. രണ്ട് ജീവനക്കാരും തമ്മിലുള്ള തർക്കമാകും കുഞ്ഞിനെ ആക്രമിക്കാൻ കാരണമെന്ന് പൊലീസ് കരുതുന്നു.
ഞായറാഴ്‌ചയും സ്‌കൂളിൽ ക്ലാസ് നടന്നിരുന്നു. സ്കൂൾ ബസിൽ മറ്റുകുട്ടികളെ വീടുകളിലേക്ക് വിടാനായി ആയ പോയിരുന്നു. ഈ സമയത്ത് ഇവരുടെ നാല് വയസുകാരിയായ മകൾ സ്കൂളിലായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്താണ് കുട്ടി ആക്രമിക്കപ്പെട്ടത്. കുട്ടിയുടെ അമ്മ കാരണം തനിക്ക് ജോലി നഷ്ടപ്പെടുമെന്ന് കരുതിയതിനാലാവും നാല് വയസുകാരിയെ ലക്ഷ്മി ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതിയായ ലക്ഷ്‌മിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് പൊലീസ് പറയുന്നു. സംഭവം വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
















































