ന്യൂഡൽഹി: ഡൽഹി സ്‌ഫോടനക്കേസിൽ അറസ്റ്റിലായ അൽ ഫലാഹ് സർവകലാശാലയിലെ ഡോ. മുസമ്മിൽ ഷക്കീലും ഡോ. ഷഹീൻ ഷാഹിദും ഭാര്യാഭർത്താക്കന്മാരെന്ന് അന്വേഷണ റിപ്പോർട്ട്. ഇവർ കമിതാക്കളാണെന്നാണ് അന്വേഷണസംഘം കരുതിയിരുന്നത്. എന്നാൽ, 2023 സെപ്റ്റംബറിൽ അൽ ഫലാഹ് സർവകലാശാലയ്ക്കടുത്തുള്ള പള്ളിയിൽ ഇവരുടെ നിക്കാഹ് കഴിഞ്ഞതായാണ് പുറത്തുവരുന്ന വിവരം.
അതേസമയം ജയ്ഷെ ഭീകരരുടെ പ്രവർത്തനങ്ങൾക്കായി ഷഹീൻ ഇതിനകം 27-28 ലക്ഷം രൂപ നൽകിയെന്നാണ് രേഖ. ഇത് മതപരമായ സക്കാത്താണെന്നാണ് ഷഹീൻ ആദ്യം പറഞ്ഞത്. കൂടാതെ സ്‌ഫോടനപ്രവർത്തനങ്ങൾക്കായി മുസമ്മിലിന് 2023-ൽ 6.5 ലക്ഷം രൂപയും കാർ വാങ്ങാൻ ചാവേർ ഉമറിന് 2024-ൽ മൂന്നുലക്ഷം രൂപയും ഷഹീൻ നൽകിയിരുന്നു. ഇത്രയും പണം നൽകാൻ ആശയം മാത്രമല്ല, മുസമ്മിലും ഷഹീനും തമ്മിലുള്ള ബന്ധവും കാരണമായെന്ന് അന്വേഷണസംഘം കണ്ടെത്തി.
അതിനിടെ, നേരത്തേ ശ്രീനഗറിൽനിന്ന് അറസ്റ്റിലായ ജസീർ ബിലാൽ വാനിയെ കോടതി വ്യാഴാഴ്ച ഏഴു ദിവസത്തേക്കുകൂടി എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഉമറിനായി ഡ്രോണുകൾ പരിഷ്‌കരിക്കാനും റോക്കറ്റുണ്ടാക്കാനും ശ്രമിച്ചത് വാനിയാണ്. കശ്മീരിൽ തീവ്രവാദബന്ധമുള്ള ഒട്ടേറെ സംഭവങ്ങൾ എൻഐഎ കണ്ടെത്തിയതിനുപിന്നാലെ കൂടുതൽ ചോദ്യംചെയ്യലിനായാണ് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്.
അതുപോലെ ബാരാമുള്ള, ശ്രീനഗർ, അനന്ത്‌നാഗ്, ഗണ്ടേർബൽ എന്നിവിടങ്ങളിൽ 2016 മുതൽ സജീവമായ തീവ്രവാദ സംഘങ്ങളെക്കുറിച്ച് അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ചോദ്യംചെയ്യലിൽ ഇവരാണ് മുസമ്മിലിനും ഉമറിനും ആയുധങ്ങളെത്തിക്കുന്നതെന്ന് വ്യക്തമായിരുന്നു.

















































