സാംഗ്ലി (മഹാരാഷ്ട്ര): വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. അച്ഛന്‍ ശ്രീനിവാസ് മന്ദാന ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും വിവാഹം മാറ്റിവെയ്ക്കുകയും ചെയ്തതിനു പിന്നാലെയാണിത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അടുത്തിടെ ലോകകപ്പ് ഉയര്‍ത്തിയ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍വെച്ച് പ്രതിശ്രുത വരന്‍ പലാശ് മുഛല്‍ തന്നെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ അടക്കം സ്മൃതി നീക്കം ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളും സ്മൃതിയുടെ അടുത്ത സുഹൃത്തുക്കളുമായ ജെമീമ റോഡ്രിഗസ്, ശ്രേയങ്ക പാട്ടീല്‍ എന്നിവരും സ്മൃതിയുടെ വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കംചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം റീലുകളാണ് നീക്കം ചെയ്തവയില്‍ പ്രധാനമായും ഉള്ളത്.
ഞായറാഴ്ചയായിരുന്നു സ്മൃതിയും സംഗീത സംവിധായകന്‍ പലാശ് മുഛലും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനു മുന്നോടിയായി ആഘോഷങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ടായിരുന്നു. പ്രൊപ്പോസല്‍ വീഡിയോയ്ക്ക് പിന്നാലെ ഹല്‍ദി, മെഹന്ദി, സംഗീത് ചടങ്ങുകളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇരുവരും സംഗീത് ചടങ്ങിനിടെ ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു. ഇവയെല്ലാം തന്നെ താരം ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.
വിവാഹ ദിവസമായ ഞായറാഴ്ച ഉച്ചയോടെയാണ് സ്മൃതിയുടെ അച്ഛന്‍ ശ്രീനിവാസ് മന്ദാനയുടെ ആരോഗ്യസ്ഥിതി വഷളായത്. ഉച്ചയ്ക്ക് 1.30-ഓടെ, ശ്രീനിവാസ് മന്ദാനയ്ക്ക് നെഞ്ചിന്റെ ഇടതുവശത്ത് വേദന അനുഭവപ്പെടുകയായിരുന്നു. ലക്ഷണങ്ങള്‍ കണ്ടപ്പോള്‍, അദ്ദേഹത്തിന്റെ മകന്‍ കുടുംബ ഡോക്ടര്‍ ഡോ. നമന്‍ ഷായെ വിളിച്ചു. ആംബുലന്‍സ് വരുത്തി ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇസിജിയിലും മറ്റ് റിപ്പോര്‍ട്ടുകളിലും വ്യതിയാനമുണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹം സുഖംപ്രാപിച്ചുവരികയാണെന്ന് ഡോ. നമന്‍ ഷാ പറഞ്ഞു.



















































