തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയില്‍ രണ്ട് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. അന്‍പതിലധികം പേര്‍ക്ക് പരിക്കറ്റിട്ടുണ്ട്. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളും ഒരാൾ പുരുഷനുമാണ്. കൈകാലുകള്‍ക്കും തലയ്ക്കും ഒടിവുകള്‍ ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ട് ബസ്സുകളിലുമായി കുറഞ്ഞത് 55 പേരെങ്കിലും യാത്രചെയ്തിരുന്നു എന്നാണ് നിഗമനം.
മധുരയില്‍നിന്ന് ചെങ്കോട്ടയിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ്സും തെങ്കാശിയില്‍നിന്ന് കോവില്‍പ്പട്ടിയിലേക്ക് വരികയായിരുന്ന മറ്റൊരു ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ രണ്ട് ബസ്സുകളും തകര്‍ന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.
സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അനുശോചനമറിയിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ അദ്ദേഹം ജില്ലാ ഭരണകൂടത്തോട് നിർദേശിച്ചു.


















































