കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ ജീവനൊടുക്കി. കുന്നരു യുപി സ്‌കൂളിലെ പ്യൂൺ അനീഷ് ജോർജിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബിഎൽഒ ആയിരുന്നു അനീഷ്. ഞായറാഴ്ച വീട്ടിലുള്ളവർ പുറത്ത് പോയ സമയത്തായിരുന്നു സംഭവം. ബന്ധുക്കൾ തിരിച്ചെത്തിയപ്പോൽ അനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വീട്ടിൽ നിന്ന് മൃതദേഹം മാറ്റിയിട്ടുണ്ട്.
അതേസമയം എസ്‌ഐആർ ജോലി സംബന്ധമായ സമ്മർദമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ബൂത്ത്‌ലെവൽ ഓഫീസറായ (ബിഎൽഒ) അനീഷ് ജോർജ് ജോലി സമ്മർദത്തെക്കുറിച്ച് നേരത്തേ തന്നെ ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നതായാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടല്ല. ബിഎൽഒ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ജോലി തീർക്കാത്തതിൻ്റെയും, വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സമ്മർദം ഉണ്ടായിരുന്നതായി അയൽക്കാർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട തേടി. ജോലി സമ്മർദത്തെ സംബന്ധിച്ച പരാതി ലഭിച്ചിട്ടില്ലെന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ഡോ.രത്തൻ കേൽക്കർ അറിയിച്ചു.















































