തിരുവനന്തപുരം: ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം ലക്ഷ്യമിട്ട് ഇറങ്ങിയ ബിജെപിക്ക് തുടക്കംമുതൽ പാളിച്ചകളാണ്. ഇതിനു വഴിതുറക്കുന്നതോ പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങൾ. ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് മുക്തരാകുന്നതിന് മുൻപ് കോട്ടയം സ്വദേശി അനന്തു അജിയുടെ ആത്മഹത്യ, പിന്നാലെ ഇതാ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞുവെന്ന് പരാതിപ്പെട്ട് ബിജെപി-ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പിയും ജീവനൊടുക്കി.
തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ ബിജെപി പ്രവർത്തകനായിരുന്നു ആനന്ദ്. ഇദ്ദേഹത്തിന്റെ ആത്മഹത്യക്കുറിപ്പിൽ പ്രാദേശിക ബിജെപി നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങളുമുണ്ട്. ബിജെപി നേതാക്കളുടെ മണ്ണ് മാഫിയയിലടക്കം ആരോപണമുന്നയിച്ചിട്ടാണ് ആനന്ദ് ജീവനൊടുക്കിയത്.
ആദ്യ ആത്മഹത്യ ബിജെപി കൗൺസിലർ കൂടിയായ തിരുമല അനിലിന്റെയായിരുന്നു. ആ മരണം പാർട്ടിയെ തന്നെ ഉലച്ച സംഭവമായിരുന്നു. അനിലിന്റെ മരണം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പാർട്ടി ആവർത്തിച്ചെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് ബിജെപിക്ക് തന്നെ ധാരണയുണ്ടായിരുന്നു. തിരുമല ബിജെപി കൗൺസിലറായിരുന്ന, തിരുമല അനിൽ എന്നറിയപ്പെട്ടിരുന്ന അന്നൂർ സ്വദേശി കെ. അനിൽകുമാറിനെ ഓഫീസിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറയുന്ന ആത്മഹത്യക്കുറിപ്പും ഓഫീസിൽനിന്ന് കണ്ടെടുത്തിരുന്നു. ആത്മഹത്യാക്കുറിപ്പിൽ ബിജെപിക്കെതിരെ പരാമർശമുണ്ടായിരുന്നു. അനിൽ നേതൃത്വം നൽകുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകർന്നിരുന്നുവെന്നും അതിൽ പാർട്ടി ഇടപെട്ടില്ലെന്നുമായിരുന്നു ആരോപണം. സെപ്റ്റംബർ 20നായിരുന്നു തിരുമല അനിലിന്റെ ആത്മഹത്യ.
പിന്നാലെ ആർഎസ്എസിനെതിരെ കടുത്ത ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കോട്ടയം സ്വദേശി അനന്തു അജി കഴിഞ്ഞ മാസം ജീവനൊടുക്കി. ആർഎസ്എസ് ക്യാമ്പിൽനിന്ന് പീഡനത്തിനിരയായെന്നും അതു കാരണമുണ്ടായ മാനസികപ്രശ്നങ്ങളാണ് തന്റെ മരണത്തിന് കാരണമെന്നും വ്യക്തമാക്കി അനന്തു അജിയുടെ വീഡിയോ പങ്കുവെച്ചിരുന്നു. ജീവനൊടുക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച വീഡിയോസന്ദേശമാണ് അനന്തുവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പിന്നീട് പുറത്തുവന്നത്. നേരത്തേ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാനായി ഷെഡ്യൂൾ ചെയ്തുവെച്ച വീഡിയോയാണ് ഇത്. ആർഎസ്എസ് ക്യാമ്പിൽ തുടർച്ചയായി ലൈംഗികാതിക്രമത്തിന് ഇരയായെന്നും അതുകാരണമാണ് തനിക്ക് മാനസികപ്രയാസമുണ്ടായതെന്നുമാണ് അനന്തു അജി വീഡിയോയിൽ പറഞ്ഞത്.
ഈ രണ്ട് മരണങ്ങളിലും പതറി നിൽക്കവെയാണ് ബിജെപിയേയും ആർഎസ്എസിനെയും വരിഞ്ഞുമുറുക്കിക്കൊണ്ട് മറ്റൊരു പ്രവർത്തകൻ കൂടി ജീവനൊടുക്കിയിരിക്കുന്നത്. പാർട്ടി പ്രവർത്തകർക്കും നേതൃത്വത്തിനും എതിരെ കടുത്ത വിമർശനങ്ങളാണ് ആനന്ദ് ഉന്നയിച്ചിട്ടുള്ളത്. അതേസമയം തൃക്കണ്ണാപുരം വാർഡിലെ സ്ഥാനാർഥികളുടെ പാനൽ ചർച്ചയ്ക്ക് വന്നപ്പോൾ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വിശദീകരണം. ജീവനൊടുക്കിയതിന് പിന്നിൽ എന്താണ് കാരണം എന്ന് കണ്ടുപിടിക്കാൻ ജില്ലാ അധ്യക്ഷന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സീറ്റ് ലഭിക്കാത്തതിനെത്തുടർന്നുള്ള ആത്മഹത്യയായി മാത്രം കാണാനാകില്ല ആനന്ദിന്റേതെന്ന് പച്ചയായ സത്യം. പാർട്ടിക്കുള്ളിലെ ഒറ്റപ്പെടുത്തലും കടുത്ത അവഹേളനവും അധിക്ഷേപവും കൂടിയാണ് ആനന്ദിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് സൂചന. പ്രതീക്ഷിച്ച സീറ്റ് പാർട്ടി നിഷേധിച്ചതോടെയാണ് സ്വതന്ത്രനായി മത്സരിക്കാൻ ആനന്ദ് തീരുമാനിച്ചത്. തുടർന്ന് നേരിട്ട ഭീഷണികളും ഒറ്റപ്പെടുത്തലുമായി ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് ശിവസേനയിൽ ചേരാനുള്ള തീരുമാനത്തിലേയ്ക്ക് ആനന്ദിനെ എത്തിച്ചത്. ഈ തീരുമാനം എടുത്തതിന്റെ പിറ്റേ ദിവസം ആത്മഹത്യയിലേക്ക് എങ്ങനെ ആനന്ദ് എത്തിയെന്നതും ദൂരൂഹമാണ്.
വിയോജിപ്പ് രേഖപ്പെടുത്തുന്ന പ്രവർത്തകർ നേരിടുന്ന കടുത്ത മാനസിക സംഘർഷമാണ് ബിജെപിയെ വലയ്ക്കുന്നത്. ആനന്ദിന്റെ ആത്മഹത്യ കുറിപ്പിന് ഈ തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയാകുമെന്ന് ഉറപ്പ്. അതും പാർട്ടി ഏറെ പ്രതീക്ഷവെക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ. ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസുകാരനുമായി ഇടപഴകരുതെന്നാണ് കഴിഞ്ഞ മാസം ജീവനൊടുക്കിയ അനന്തു അജിയുടെ വാക്കുകൾ. ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് താൻ ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണെന്നാണ് ആനന്ദ് കുറിച്ചത്. ഈ രണ്ടു കുറിപ്പുകളുടെ അർഥങ്ങൾ തമ്മിൽ സമാനതകൾ ഏറെയുണ്ട്താനും.
തിരഞ്ഞെടുപ്പിൽ തിരുമല അനിലിന്റെ മരണം പ്രതിപക്ഷ പാർട്ടികൾ ആയുധമാക്കുമെന്ന് ബിജെപിക്ക് ഉറപ്പായിരുന്നെങ്കിലും പ്രതിരോധിക്കാനാകുമെന്ന് വിശ്വാസം നേതാക്കളിൽ പ്രകടമായിരുന്നു. സഹകരണ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങൾ പതിവാണെന്ന തരത്തിലുള്ള പ്രസ്താവനകളായിരുന്നു നേതാക്കളിൽ നിന്നുമുണ്ടായത്. ഇതിനിടെ പല പടലപ്പിണക്കങ്ങളും ആരോപണങ്ങളും പാർട്ടിക്കാർ തന്നെ ഉന്നയിച്ചതും പാർട്ടിയെ കുഴപ്പിച്ചിരുന്നു. ഇതിൽ നിന്നെല്ലാം ഇമേജ് വീണ്ടെടുക്കാൻ ശ്രമങ്ങൾ നടത്തവെയാണ് ആനന്ദിലൂടെ പാർട്ടിക്ക് വീണ്ടും ഇരുട്ടടി കിട്ടിയിരിക്കുന്നത്.

















































