ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന, നിർണായകമായ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ കുതിച്ചുചാട്ടം നടത്തി എൻഡിഎ. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ആദ്യ ഫലസൂചനകൾ എൻഡിഎയ്ക്ക് അനുകൂലമായിരുന്നെങ്കിൽ ഇപ്പോൾ സ്ഥിതി പൂർണമായും എൻഡിഎയെ തുണയ്ക്കുന്നതാണ്. ആദ്യ ഒരുമണിക്കൂറിൽതന്നെ കേവല ഭൂരിപക്ഷമായ 122 എന്ന മാജിക് നമ്പർ തൊട്ട എൻഡിഎ 162 എന്ന നിലയിലാണ്. അമ്പേ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യ സഖ്യം 68 എന്ന നിലയിലുമാണ്. പ്രശാന്ത് കിഷോറിന്റെ ജെഎസ്പി 7 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. അതുപോലെ 3 സീറ്റുകളിൽ ഇടതുപാർട്ടികൾ മുന്നിട്ട് നിൽകുകയാണ്.
അതേസമയം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജെടിയുമാറുകയാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതോടെ ബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി പ്രഖ്യാപിച്ചു. അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപി മുന്നിലുള്ള മണ്ഡലങ്ങളിലെ ഫലം മാത്രമാണ് പ്രഖ്യാപിക്കുന്നതെന്ന ആരോപണവുമായി രംഗത്തെത്തി.
243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ച പ്രവചിക്കുന്നതാണ് എക്സിറ്റ് പോളുകളെല്ലാം. അതുപോലെ എൻഡിഎക്ക് 130 മുതൽ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുകളാണ് പ്രവചനം. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി വലിയ മുന്നേറ്റം നടത്തില്ലെന്നാണ് പ്രവചനം.
അതേസമയം ഇന്ത്യാ സഖ്യം തന്നെ സർക്കാർ രൂപീകരിക്കുമെന്നും വോട്ടെണ്ണൽ ദിനത്തിൽ ക്രമക്കേടുകൾക്ക് ഇട നൽകരുതെന്നും തേജസ്വി യാദവ് പ്രതികരിച്ചു. സംസ്ഥാനത്തെ 46 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. രണ്ട് മണിയോടെ ചിത്രം പൂർണമായും വ്യക്തമായേക്കും. ഒരുറൗണ്ടിൽ 14 ഇവിഎമ്മുകൾ എന്നകണക്കിലാണ് എണ്ണൽ പുരോഗമിക്കുക. എല്ലാ എക്‌സിറ്റ് പോളുകളും ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എൻഡിഎ വിജയമാണ് പ്രവചിക്കുന്നത്. എന്നാൽ എക്‌സിറ്റ് പോളുകളെ തള്ളുന്ന വിധിയായിരിക്കും വരിക എന്നാണ് മഹാസഖ്യവും അവരുടെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവും അവകാശപ്പെടുന്നത്. നിതീഷ് കുമാറിന്റെ ജെഡിയുവിന്റെയും ബിജെപിയുടേയും നേതൃത്വത്തിലുള്ള എൻഡിഎയും തേജസ്വി യാദവിന്റെ ആർജെഡിയും കോൺഗ്രസും നയിക്കുന്ന ഇന്ത്യാ മുന്നണിയും തമ്മിലാണ് പ്രധാന പോരാട്ടം. വിവിധ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.
















































