തിരുവനന്തപുരം∙ കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ സിപിഎം–ബിജെപി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. ഗവേഷകവിദ്യാര്‍ഥിയെ ജാതീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തിന്റെ പേരില്‍ കാര്യവട്ടം ക്യാംപസിലെ സംസ്‌കൃത വിഭാഗം മേധാവിയും ഓറിയന്റല്‍ സ്റ്റഡീസ് ഫാക്കല്‍റ്റി ഡീനുമായ ഡോ. സി.എന്‍.വിജയകുമാരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ രംഗത്തെത്തിയതോടെയാണ് വാക്കേറ്റമുണ്ടായത്.
സെനറ്റ് യോഗത്തില്‍നിന്ന് വിജയകുമാരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു ഇടതു പ്രതിഷേധം. ഇതോടെ വിജയകുമാരിയെ അനുകൂലിച്ച് ബിജെപി സിന്‍ഡിക്കറ്റ് അംഗങ്ങള്‍ എത്തി. ഇടത് അംഗങ്ങള്‍ അനാവശ്യമായി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്ന് ബിജെപി അംഗങ്ങള്‍ ആരോപിച്ചു. 15 വര്‍ഷമായി ദളിത് പീഡനം നടത്തുന്നു എന്നാണ് വിദ്യാർഥിയുടെ പരാതി. ഓപ്പണ്‍ ഡിഫന്‍സ് നടത്തുന്നതുവരെ വിദ്യാർഥിക്ക് പരാതിയില്ലായിരുന്നു. ഈ അധ്യാപികയുടെ കീഴില്‍ നിരവധി വിദ്യാർഥികള്‍ പഠിക്കുന്നുണ്ട്. എംഫില്‍ നല്‍കിയപ്പോള്‍ വിപിന്‍ വിജയന് ജാതി അധിക്ഷേപ പരാതിയില്ലായിരുന്നു. പഠിക്കാത്ത വിദ്യാർഥികള്‍ എസ്എഫ്‌ഐയുടെ ഹുങ്ക് ഉപയോഗിച്ച് ബിരുദം നേടാന്‍ ശ്രമിക്കുകയാണെന്നും കൂടുതല്‍ ജാതി പറയുന്നത് ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ആണെന്നും ബിജെപി ആരോപിച്ചു.















































