ന്യൂഡൽഹി: സ്ഫോടനക്കേസിൽ അറസ്റ്റിലായ ഫരീദാബാദ് ഭീകര സംഘം ഡൽഹിയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോർട്ട്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. ദീപാവലി ദിനത്തിൽ ഡൽഹിയിൽ തിരക്കേറിയ ഇടത്തും സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു. ജനുവരി ആദ്യ ആഴ്ച ഡോ.മുസമ്മിലും ഉമറും ചെങ്കോട്ട പരിസരത്ത് എത്തിയിരുന്നുവെന്ന് കണ്ടെത്തി. ഫരീദാബാദിൽ അറസ്റ്റിലായ ഡോ. മുസമ്മിലിൻ്റെ മൊബൈൽ ഫോണിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്.
ഇതിനോടകം 15 പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ജമ്മു കാശ്മീരിൽ ഭീകരർക്കായി വ്യാപക റെയ്‌ഡ് നടക്കുന്നു. സോപോർ,കുൽഗം എന്നിവിടങ്ങളിലായി 230 ഇടങ്ങളിൽറെയ്‌ഡ് തുടരുന്നു. നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി (ജെഇഐ) അംഗങ്ങളുടെ വീടുകളിലാണ് റെയ്‌ഡ്.
ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തിയ ഉമര്‍ മുഹമ്മദ് ആണ് വൈറ്റ് കോളര്‍ ഭീകര സംഘത്തിന്റെ നേതാവെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തൽ. 70 കിലോയോളം അമോണിയം നൈട്രേറ്റാണ് കാറില്‍ ഉണ്ടായിരുന്നത്. സ്‌ഫോടനം നടത്തിയത് ഡിറ്റിനേറ്ററോ, ടൈമറോ ഉപയോഗിച്ച് എന്നാണ് സൂചന. കാറില്‍ ഐഇഡി ഉണ്ടായിരുന്നതിന് ഇതുവരെയും തെളിവ് ലഭിച്ചില്ല. വയറുകളോ, ടൈമര്‍ ഉപകരണങ്ങളോ, ഡിറ്റണേറ്ററോ, ബാറ്ററികളോ,ലോഹ ചീളുകളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.















































