തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനുള്ള ഇൻഡിക്കേറ്ററായി മാറുമെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ജനത്തിൽ നിന്ന് ഒരുപാട് അകന്നാണ് ഇപ്പോൾ ഇടതുമുന്നണി സഞ്ചരിക്കുന്നതെന്നും അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷൻ ആണെന്ന് തോന്നുന്നു. ഇന്നും അദ്ദേഹം പറഞ്ഞിരിക്കുന്നത് കേരളത്തിന്റെ ആരോഗ്യ മേഖല അമേരിക്കയെ കടത്തിവെട്ടി എന്നൊക്കെയാണ്. നമുക്കൊന്നും അംഗീകരിക്കാനൊക്കാത്ത നിലയിലാണ് മെഡിക്കൽ കോളജുകളുടെ ഉൾപ്പടെ അവസ്ഥ. ഇതെല്ലാം സ്വാഭാവികമായും തിരഞ്ഞെടുപ്പിൽ വലിയ ചലനം ഉണ്ടാക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
അതുപോലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ചരിത്രം തിരുത്തുന്ന വിധത്തിൽ ഒരു മുന്നേറ്റം യുഡിഎഫ് നടത്തും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്വാഭാവികമായും പ്രാദേശിക വിഷയങ്ങളാണ് പരിഗണനയിൽ വരുന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയവും അതിൽ പ്രതിഫലിക്കും. അതിന്റെ അടിസ്ഥാനത്തിൽ എന്നും ഇത്തവണ എൽഡിഎഫിന് മേൽക്കൈ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണി ഇത്രയും മുന്നൊരുക്കം നടത്തി ഇത്രയും മുൻപേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച ഒരു കാലം ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട അപസ്വരങ്ങൾ ഇല്ലെന്നൊന്നും ആരും അവകാശപ്പെടുന്നില്ല. ഇതിനേക്കാൾ കൂടുതൽ പ്രശ്‌നങ്ങൾ സിപിഐഎമ്മിന് ഉണ്ട്. സിപിഎം രണ്ട് തരത്തിലാണ് പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നത്. കൊല്ലം ജില്ലയിൽ പലസ്ഥലത്തും അവർക്ക് സ്ഥാനാർഥികളെ കിട്ടുന്നില്ല. അവതരിപ്പിക്കാൻ പറ്റുന്ന മുഖങ്ങൾ ഇല്ലാത്ത നിലയിലേക്ക് അവർക്ക് അവസ്ഥ ഉണ്ടായിരിക്കുന്നു. കേരളത്തിൽ അങ്ങനെ അധികാരം വിഭജിച്ച് നിൽക്കുകയാണ് പല പ്രദേശത്തും. ആ നിലയിലേക്ക് ജനാധിപത്യ പ്രസ്ഥാനങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാൽ, മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്രയും ഒത്തൊരുമയോടുകൂടി ഒരിക്കലും യുഡിഎഫ് നീങ്ങിയിട്ടില്ല – അദ്ദേഹം വ്യക്തമാക്കി.
അതേസമയം യുഡിഎഫ് കൊല്ലം കോർപ്പറേഷൻ പിടിക്കണം എന്ന നിർബന്ധബുദ്ധിയോടുകൂടിയാണ് പ്രവർത്തിക്കുന്നതെന്നും ആർഎസ്പി അതിൽ പങ്കാളിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ കോർപ്പറേഷൻ പിടിക്കാനുള്ള നേതൃപരമായ പങ്ക് ഞങ്ങൾ നിർവഹിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണ ഞങ്ങളുടെ ശക്തിക്കനുസരിച്ച് ഞങ്ങൾക്ക് പ്രാതിനിധ്യം ലഭിച്ചില്ല. ഇത്തവണ അതുണ്ടാകും എന്നുള്ളതിൽ ഞങ്ങൾക്ക് ശുഭാപ്തി വിശ്വാസം തന്നെയാണ് – അദ്ദേഹം പറഞ്ഞു.
എൽഡിഎഫിലേക്കെത്തിയാൽ മുഖ്യമന്ത്രിയെ തന്നെ മുൻനിർത്തി പ്രചാരണത്തിന് മുന്നോട്ട് വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞാനൊരു വ്യക്തിയെ കേന്ദ്രീകരിച്ച് പറയുന്നില്ല. ഗവൺമെന്റിന്റെ തലവൻ എന്നുള്ള നിലയിൽ അദ്ദേഹത്തിലേക്ക് തന്നെയാണ് അതിന്റെ ഫോക്കസ് വരുന്നത്. അവര് മുഖ്യമന്ത്രിയെ തന്നെ ഇറക്കും, ഒരു സംശയവുമില്ല. പക്ഷേ, ഗവൺമെന്റിനെ ജനം എത്രത്തോളം വെറുത്തിരിക്കുന്നു എന്നുള്ളത് അവർ മനസിലാക്കുന്നില്ല. ചെറിയ രീതിയിൽ മനസ്സിലാക്കിയത് കൊണ്ടാണ് ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നുകൊണ്ടുള്ള പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നത്. പക്ഷേ, കേരള ജനത അതിനൊക്കെ അപ്പുറമായി ചിന്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

















































