ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി ലോക രാജ്യങ്ങൾ. കൂടാതെ നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ താമസിക്കുന്ന തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ ഉപദേശങ്ങൾ നൽകി. ജാഗ്രത പാലിക്കണമെന്നും തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
യുഎസ് എംബസി എക്സിൽ കുറിച്ചതിങ്ങനെ-
‘‘ന്യൂഡൽഹിയിലെ ഭീകരമായ സ്ഫോടനത്തിൽ മരിച്ചവരോടൊപ്പമാണ് ഞങ്ങളുടെ ഹൃദയം. സ്ഥിതിഗതികൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഞങ്ങളുടെ ആത്മാർഥമായ അനുശോചനം. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.’’
അതേസമയം ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ലിൻഡി കാമറൂണും ഡൽഹി സ്ഫോടനത്തിൽ ദുഃഖം രേഖപ്പെടുത്തി. നിങ്ങൾ സമീപ പ്രദേശത്താണെങ്കിൽ, ദയവായി പ്രാദേശിക അധികാരികളുടെ ഉപദേശം പിന്തുടരാനും നിർദേശം നൽകി. ബ്രിട്ടീഷ് ഹൈക്കമ്മിഷണറെ കൂടാതെ അർജന്റീന, ഫ്രാൻസ്, ശ്രീലങ്ക, ഓസ്ട്രേലിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി.

















































