ഇസ്ലാമാബാദ്: സൈനിക മേധാവിക്ക് രാജ്യത്തെ സായുധ സേനകളുടെ സർവാധികാരം നൽകുന്ന ഭരണഘടനാഭേദഗതിയുമായി പാക്കിസ്ഥാൻ. ഇതോടെ സൈനിക മോധാവിയായ അസിം മുനീറിന് മുൻ സൈനിക മേധാവികളേക്കാൾ അധികാരപരിധി ലഭിക്കും. ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് എന്ന പുതിയ പദവിയാണ് അസിം മുനീറിന് ലഭിക്കുക. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ സംയുക്ത അധികാരം ലഭിക്കുന്നതോടെ പാക്കിസ്ഥാൻ ഒരു സൈനിക സർവാധികാര രാജ്യമായി മാറുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം മാധ്യമങ്ങൾക്ക് ലഭിച്ച ഭരണഘടനാ ഭേദഗതിയുടെ കരട് രേഖ പ്രകാരം, പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെയും പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെയും നേതൃത്വത്തിലാണ് ഈ മാറ്റങ്ങൾ നടപ്പാക്കുന്നത്. ഫെഡറൽ കാബിനറ്റിന്റെ അംഗീകാരം ലഭിച്ച ഉടൻ 27-ാം ഭരണഘടനാ ഭേദഗഗതി ബിൽ ശനിയാഴ്ച സെനറ്റിൽ അവതരിപ്പിക്കുകയും നിയമ-നീതി സ്റ്റാൻഡിങ് കമ്മിറ്റികളുടെ പുനഃപരിശോധനയ്ക്ക് വിടുകയും ചെയ്തു. പാക് നിയമമന്ത്രി അസം നസീർ തരർ അവതരിപ്പിച്ച ബിൽ, ഫെഡറൽ ഭരണഘടനാ കോടതിയുടെ രൂപവത്കരണം, ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, പ്രൊവിൻഷ്യൽ കാബിനറ്റുകളുടെ പരിധിമാറ്റം, സൈനിക നേതൃത്വത്തിന്റെ പുനഃസംഘടന തുടങ്ങിയ സമഗ്രമായ ഭരണഘടനാ മാറ്റങ്ങൾ നിർദേശിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
എന്നാൽ സായുധ സേനയുടെ നിയന്ത്രണവും അധികാരവും ഫെഡറൽ സർക്കാരിനായിരിക്കും എന്ന് നിലവിൽ പറയുന്ന ആർട്ടിക്കിൾ 243-ലെ നിർദ്ദിഷ്ട മാറ്റങ്ങൾ വിശദീകരിച്ചുകൊണ്ട്, അധികാര ഘടനകളും നിയമനങ്ങളും പുനർനിർവചിക്കാൻ പുതിയ വ്യവസ്ഥകൾ ചേർക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭേദഗതി പ്രകാരം, സൈനിക മേധാവി ഒരേസമയം സംയുക്ത സേനാമേധാവി ആയും പ്രവർത്തിക്കും. അതോടെ മൂന്ന് സൈനിക വിഭാഗങ്ങളുടെയും നേരിട്ടുള്ള അധികാരം സൈനിക മേധാവിയിൽ നിക്ഷിപ്തമാകും.
അതുപോലെ സ്ഥാനപരമായി നിലവിലുള്ള ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിജെസിഎസ്‌സി) ചെയർമാൻ പദവി നിർത്തലാക്കാനും ബിൽ ലക്ഷ്യമിടുന്നു. നിലവിലെ ചെയർമാന്റെ കാലാവധി അവസാനിക്കുന്ന നവംബർ 27 മുതൽ ഈ സ്ഥാനം ഇല്ലാതാകും. പുതിയ നിയമനം ഉണ്ടാകില്ലെന്ന് നിയമമന്ത്രി വ്യക്തമാക്കി. സംയുക്ത സേനാമേധാവിയുടെ ശുപാർശ പ്രകാരം പ്രധാനമന്ത്രി നാഷണൽ സ്ട്രാറ്റജിക് കമാൻഡിന്റെ കമാൻഡറെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ പാക്കിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം സൈന്യത്തിന് നൽകും.
അതേസമയം ജനറൽ അസിം മുനീറിന് ഫീൽഡ് മാർഷൽ പദവി ഔദ്യോഗികമായി നൽകുന്നതിനുള്ള ഒരു വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതൊരു റാങ്കോ നിയമനമോ അല്ല, മറിച്ച് ദേശീയ നായകന്മാർക്ക് നൽകുന്നതും ആജീവനാന്തം നിലനിൽക്കുന്നതുമായ ഒരു പദവിയാണെന്ന് നിയമമന്ത്രി വിശദീകരിച്ചു. ഈ പദവിയെ ഇംപീച്ച് ചെയ്യാനോ പിൻവലിക്കാനോ ഉള്ള അധികാരം പ്രധാനമന്ത്രിക്കല്ല, പാർലമെന്റിനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫീൽഡ് മാർഷൽ, മാർഷൽ ഓഫ് ദി എയർഫോഴ്‌സ്, അല്ലെങ്കിൽ അഡ്മിറൽ ഓഫ് ദി ഫ്ലീറ്റ് ആയി സ്ഥാനക്കയറ്റം ലഭിക്കുന്ന ഏതൊരു ഉദ്യോഗസ്ഥനും റാങ്കും പ്രത്യേകാവകാശങ്ങളും നിലനിർത്തുകയും ജീവിതകാലം മുഴുവൻ യൂണിഫോമിൽ തുടരുകയും ചെയ്യും എന്നും, അവരുടെ സജീവ സേവനത്തിനുശേഷം രാജ്യത്തിന്റെ താൽപര്യാർഥം ഫെഡറൽ സർക്കാരിന് അവർക്ക് ചുമതലകൾ നൽകാമെന്നും ബിൽ വ്യക്തമാക്കുന്നു.
നിലവിൽ രാഷ്ട്രപതിക്ക് ബാധകമായ അനുച്ഛേദം 47, 248 എന്നിവയിലെ നിയമപരിരക്ഷാ വ്യവസ്ഥകൾ, പുതുതായി സൃഷ്ടിച്ച ഈ പദവികൾക്കും കരട് രേഖ ബാധകമാക്കുന്നു. ഇത് ആജീവനാന്ത നിയമപപരിരക്ഷ ഉറപ്പാക്കും. വിരമിച്ചതിനുശേഷവും സൈനിക ഉന്നതരെ പദവിയിൽ നിന്ന് നീക്കം ചെയ്യൽ, ജുഡീഷ്യൽ പരിശോധന, അല്ലെങ്കിൽ രാഷ്ട്രീയ ഉത്തരവാദിത്വം എന്നിവയിൽ നിന്ന് സംരക്ഷണം നൽകും. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം ആണ് നിയമനങ്ങൾ നടത്തുന്നതെന്ന് ഭേദഗതി നിലനിർത്തുന്നുണ്ടെങ്കിലും, യഥാർഥ അധികാരം സംയുക്ത സേനാമേധാവിയിലേക്ക് മാറും. എല്ലാ പ്രധാന ശുപാർശകളും അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നായിരിക്കണമെന്നാണ് വ്യവസ്ഥ.
അതേസമയം പുതിയ ബിൽ പ്രകാരം രാഷ്ട്രീയ പാർട്ടികൾ ദുർബലമാവുകയും സമ്പദ്‌വ്യവസ്ഥ സൈനികവൽക്കരിക്കപ്പെടുകയും അധികാരം സൈന്യത്തിന്റെ നിയന്ത്രണത്തിൽ ഭരണഘടനാപരമാക്കുകയും ചെയ്യുന്നതോടെ, ഈ ഭേദഗതി അസിം മുനീറിന്റെ അധികാരം നിയമപരമായി ഉറപ്പിക്കുകയും, പാക്കിസ്ഥാന്റെ സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ നിയന്ത്രിക്കുന്ന ഒന്നാക്കി മാറ്റുകയും ചെയ്യാം. അതോടെ രാജ്യം സൈനിക ഭരണത്തിലേക്ക് വേണമെങ്കിൽ നീങ്ങാനും പുതിയ ബിൽ പ്രകാരം സാധിക്കും.
















































