ഒരിക്കല്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കടന്ന ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു. കാലത്തിന്റെ മഞ്ഞില്‍ മങ്ങിയ ആ ഓര്‍മകളെ വീണ്ടും ജീവിപ്പിക്കാന്‍, ‘സമ്മര്‍ ഇന്‍ ബത്ലഹേം’ പുതിയ തലമുറയ്ക്കായി അതിന്റെ മായാജാലം പുനഃസൃഷ്ടിക്കുന്നു.
1998- ല്‍ പുറത്തിറങ്ങിയ ഈ ചിത്രം മലയാള സിനിമയുടെ ഇമോഷണല്‍ എവര്‍ഗ്രീന്‍ ക്ലാസിക്കാണ്. സിബി മലയില്‍- രഞ്ജിത്ത് കൂട്ടുകെട്ടിലെ ചിത്രം ഗംഭീരമായ റീ റിലീസിന് ഒരുങ്ങുന്നതിന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തുവന്നു.
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കര്‍ നിര്‍മിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. 4K ദൃശ്യ നിലവാരത്തിലും അത്യാധുനിക ശബ്ദവിന്യാത്തിലുമാണ് റീ- റിലീസ്.
കോക്കേഴ്‌സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് ബാനറുകളുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ‘ദേവദൂതന്‍’, ‘ഛോട്ടാ മുംബൈ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തില്‍ റീമാസ്റ്റേര്‍ ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.
















































