തിരുവനന്തപുരം: ആറ്റിങ്ങൽ മൂന്നു മുക്കിലെ ഗ്രീൻലൈൻ ലോഡ്ജിൽ അസ്മിനയെന്ന നാൽപതുകാരിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന ജോബി ജോർജിനെ ആറ്റിങ്ങൽ പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് പ്രതിയെ കണ്ടെത്തിയതെന്ന് ആറ്റിങ്ങൽ സിഐ അജയൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജോബി ബസ് സ്റ്റാൻഡിലെത്തി കായംകുളത്തേക്കു പോയതായി കണ്ടെത്തി. പിന്നാലെ കായംകുളത്തെത്തി കൂടുതൽ തിരച്ചിൽ നടത്തിയപ്പോഴാണ് ഇയാൾ കോഴിക്കോട്ടേക്കു കടന്നതായി അറിഞ്ഞത്. ഇതോടെ പോലീസ് സംഘം പിന്തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
അതേസമയം വടകര സ്വദേശിയും രണ്ടുകുട്ടികളുടെ അമ്മയുമായ അസ്മിനയും ജോബിയും തമ്മിൽ രണ്ടു മൂന്നു മാസമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കായംകുളത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോഴാണ് ഇവർ തമ്മിൽ അടുപ്പത്തിലായത്. കഴിഞ്ഞ ദിവസം ജോബി ജോലി ചെയ്യുന്ന ആറ്റിങ്ങലിലെ ലോഡ്ജിലേക്ക് ഇവരെ കൊണ്ടുവരികയായിരുന്നു. രാത്രി മദ്യപിച്ചതിനു ശേഷം ഇവർ തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് ജോബി ഇവരെ കുപ്പി കൊണ്ടു കുത്തി കൊല്ലുകയായിരുന്നുവെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒരാഴ്ച മുൻപാണ് ജോബി ഈ ലോഡ്ജിൽ ജോലിക്കെത്തിയത്.
തുടർന്നു ചൊവ്വാഴ്ച രാത്രിയാണ് അസ്മിനയെ ഭാര്യയെന്നു പരിചയപ്പെടുത്തി ജോബി ലോഡ്ജിൽ കൊണ്ടുവന്നത്. ഇയാൾ രാത്രി ഒന്നരയോടെ യുവതിയുള്ള മുറിയിലേക്കു പോയതായി മറ്റു ജീവനക്കാർ പോലീസിനോടു പറഞ്ഞു. അതേസമയം വൈകിട്ട് ജോബിയെ കാണാൻ മറ്റൊരാൾ ലോഡ്ജിൽ എത്തിയിരുന്നു. ബുധനാഴ്ച രാവിലെ ഇരുവരെയും പുറത്തു കാണാത്തതിനെത്തുടർന്ന് ജീവനക്കാർ പരിശോധിച്ചെങ്കിലും മുറി തുറക്കാൻ കഴിഞ്ഞില്ല. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ തള്ളിത്തുറന്ന് അകത്തു കടന്നപ്പോഴാണ് അസ്മിനയുടെ മൃതദേഹം കണ്ടത്. മുറിയിൽ പിടിവലി നടന്നതിന്റെ സൂചനകളുണ്ടായിരുന്നു. കൂടാതെ ബീയർകുപ്പി പൊട്ടി നിലയിലും കണ്ടെത്തിയിരുന്നു.
ബുധനാഴ്ച പുലർച്ചെ നാലു മണിയോടെ ജോബി ലോഡ്ജിൽനിന്നു പുറത്തേക്കു പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. അസ്മിനയുടെ ശരീരമാകെ കുപ്പികൊണ്ട് കുത്തിയ നിലയിൽ പാടുകൾ കണ്ടതോടെയാണ് മരണം കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചത്. അസ്മിനയുടെ തലയിലും മുറിവുണ്ട്.