ഈ അടുത്ത കാലത്തായി ചെങ്കൊടിയേന്തുന്ന സഖാക്കൾക്ക് കാവിയോട് അൽപം മമത കൂടിയിട്ടുണ്ടോയെന്ന സംശയം ഊട്ടിയുറപ്പിക്കുന്ന വിധമാണ് നേതാക്കളുടെ വാക്കുകൾ. മുഖ്യമന്ത്രി മുതൽ മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ വരെയങ്ങ് നീളുന്നു. ഇതിനു ഒന്നുകൂടി ബലം നൽകുന്നതാണ് ഇ.പി ജയരാജന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. ഇന്ത്യ മുന്നണിയ്ക്ക് വളരെ നിർണായകമായ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തൊപ്പിയിടും എന്നായിരുന്നു ഇ. പി ജയരാജൻ പറഞ്ഞത്. എന്താണ് ഈ പ്രസ്താവനയിലൂടെ ജയരാജൻ പറയുവാൻ താൽപ്പര്യപ്പെടുന്നത്? മരുമകളുടെ കണ്ണീർ കാണാൻ മകൻ മരിച്ചാലും പ്രശ്നമില്ല എന്ന് ചിന്തിക്കുന്നത് പോലെ, കോൺഗ്രസ് തോറ്റു കാണാൻ ബിജെപി ജയിക്കട്ടെ എന്നാണോ അതോ ബിജെപിയുടെ വളർച്ച ആഗ്രഹിക്കുന്ന സി.പി.എം നേതാക്കളെ പ്രതിനിധീകരിക്കുന്ന നേതാവാണോ ഇ. പി ജയരാജൻ!
ബിഹാർ തിരഞ്ഞെടുപ്പ് കേവലം ഒരു സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനപ്പുറം പ്രാധാന്യമുള്ള തിരഞ്ഞെടുപ്പായിട്ടാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. ദേശീയ രാഷ്ട്രീയത്തിലെ അധികാര സമവാക്യങ്ങളെ ബീഹാർ തിരഞ്ഞെടുപ്പ് ഫലം തിരുത്തിയെഴുതും എന്ന നിലയിലാണ് ബിഹാർ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകർ നോക്കി കാണുന്നത്. ഇന്ത്യ മുന്നണിക്ക് അത്രത്തോളം രാഷ്ട്രീയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണ് കോൺഗ്രസ് പരാജയപ്പെടും എന്ന് ഇപി ജയരാജൻ പറയുന്നത്. ബിഹാറിൽ കോൺഗ്രസ് തോൽക്കും എന്ന് പറയുമ്പോൾ അത് സി.പി.എമ്മിന്റെ കൂടി പരാജയമാണ്.
കോൺഗ്രസ് രണ്ടാമത്തെ വലിയ കക്ഷിയായ മഹാഗഡ്ബന്ധനിൽ സി.പി.എമ്മും അംഗമാണ് എന്നത് പോലും സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ ഇടത് നേതാവ് മറന്നുപോകുന്നത് എന്നത് പരിഹാസ്യമാണ്. ബീഹാറിൽ സ്വന്തം മുന്നണിയിലെ സ്ഥാനാർഥികൾ തോൽക്കുമെന്ന ജയരാജന്റെ പരാമർശത്തെ ആഘോഷിക്കുകയാണ് ബിജെപി. സംഘപരിവാറിനെതിരായ പോരാട്ടത്തിലെ അതിനിർണായകമായ ഒരു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽക്കും എന്ന് സി.പി.എം നേതാവിനെ കൊണ്ട് പറയിക്കുന്നത് കോൺഗ്രസ് വിരുദ്ധതയാണോ അതോ ബിജെപി സ്നേഹമാണോ എന്ന ചോദ്യങ്ങൾ നവമാധ്യമങ്ങളിൽ ഉൾപ്പടെ ഇതിനോടകം ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
വോട്ടുചോരി, ബിജെപിയുടെ നെറികെട്ട രാഷ്ട്രീയം തുടങ്ങിയ കാര്യങ്ങൾ ഉയർത്തിക്കാട്ടി മഹാഗഡ്ബന്ധൻ നയിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽക്കുമെന്നത് വലിയ ആവേശത്തിൽ ജയരാജൻ പ്രസംഗിക്കുമ്പോൾ ആ തോൽവി ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ മുഴുവൻ തോൽവി ആയിരിക്കുമെന്ന് സി.പി.എം നേതാവിന് തിരിച്ചറിയാൻ കഴിയാത്തത് ആണോ? ബിഹാറിൽ കോൺഗ്രസ് തോറ്റാൽ അതിലൂടെ പരാജയപ്പെടുന്നയ് വോട്ടുചോരി ഉൾപ്പെടെ ഉള്ള വിഷയങ്ങൾ കൂടിയാണ്. എന്നാൽ ഇതൊന്നും പി ജയരാജന് വിഷമയല്ല, അദ്ദേഹത്തിന് കോൺഗ്രസ് തോറ്റാൽ മാത്രം മതി. സി.പി.എം, സി.പി.ഐ, സി.പി.എം.എൽ ഉൾപ്പടെ അണിനിരക്കുന്ന മഹാഗഡ്ബന്ധനെ പ്രതിരോധത്തിലാക്കുന്ന ജയരാജനെ തിരുത്താൻ സി.പി.എം സംസ്ഥാന നേതൃത്വവും തയ്യാറാകുന്നില്ല. അടുത്ത നിയമസഭാ മുന്നിൽ കണ്ട് ബിജെപിയുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ ഭാഗമാണോ ഈ പ്രസ്‌താവന പോലും എന്നുള്ള വിമർശനങ്ങളും ജയരാജനെതിരെ ഉയരുന്നുണ്ട്.
ഇ. പി ജയരാജന്റെ പ്രസ്താവനയിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. മുൻപ് പ്രകാശ് ജാവേദക്കറുമായി ഇ.പി ജയരാജൻ നടത്തിയ രഹസ്യ കൂടിക്കാഴ്ച നടത്തിയ വാർത്തകൾ വീണ്ടും നവമാദ്ധ്യമങ്ങളിൽ വീണ്ടും സജീവമായി ഉയർന്നുവന്നിട്ടുണ്ട്. നിലവിലെ പ്രസ്താവനയെയും പ്രകാശ് ജാവേദക്കറുമായി നടത്തിയ കൂടിക്കാഴ്ചയേയും ചൂണ്ടിക്കാട്ടി ഇടത് മനസുള്ള സംഘപരിവാർ സഹയാത്രികനാണാ ഇ. പി ജയരാജൻ എന്ന ചോദ്യങ്ങളാണ് മതേതര ചേരിയിൽ നിന്നും ഉയരുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരറിനൊപ്പം ചേർന്ന് റിസോർട്ട് കച്ചവടം നടത്തുന്ന ഇ. പി ജയരാജൻ ഇപ്പോൾ രാജീവ് ചന്ദ്രശേഖറിനൊപ്പം രാഷ്ട്രീയ കച്ചവടവും നടത്താൻ തുടങ്ങിയോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഈ വിഷയത്തിൽ ചോദിക്കപ്പെടുന്നതുണ്ട്. ഇടതുപാർട്ടികൾ ഭാഗമായ മുന്നണിയുടെ തന്നെ സ്ഥാനാർഥികൾ തോൽക്കുമെന്ന് വളരെ ആവേശത്തോടെ ഇ.പി ജയരാജൻ പ്രസംഗിക്കുന്നത് ഒന്നും പറഞ്ഞ് ന്യായികരിക്കാൻ ആവില്ലെന്ന ധാരണ സി.പി.എമ്മിന് ഉള്ളതുകൊണ്ടാവണം ഈ വിഷയത്തിൽ ഇടതുനേതാക്കളിൽ നിന്ന് കാര്യമായ പ്രതികരണങ്ങൾ ഉണ്ടാവത്തത്. ഇ. പി ജയരാജന്റെ ഭാഗത്ത് നിന്നും ബിജെപി അനുകൂല പരാമർശങ്ങൾ ഉണ്ടാവുന്നത് ഇത് ആദ്യമല്ല. കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപി സ്ഥാനാർഥികൾ മികച്ചവരാണ് എന്ന് ഇ. പി ജയരാജൻ പറഞ്ഞിരുന്നു. പിന്നീട് വിശദീകരണങ്ങളുമായി വന്നെങ്കിൽ പോലും ജയരാജന്റെ ഈ പരാമർശം പൊതുജനത്തിനിടയിൽ ബിജെപിയെ സ്ഥാനാർഥികളെ പറ്റി മതിപ്പുണ്ടാക്കാൻ സഹായിക്കുന്നതായിരുന്നു.
ബിജെപി വിരുദ്ധ പാർട്ടികളെ ഒന്നിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നില്ലെന്നും ഇ.പി ജയരാജൻ അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസ് തോറ്റ് തൊപ്പിയിടും എന്ന് ജയരാജൻ പറഞ്ഞ ബിഹാറിൽ രാഹുൽ ഗാന്ധി നടത്തിയ വോട്ടർ അധികാർ യാത്രയിലെ പ്രതിപക്ഷ പാർട്ടികളുടെ സജീവ സാന്നിധ്യം ഒന്നും ഇ. പി ജയരാജൻ അറിഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നില്ല. തമിഴ്നാട് മുഖ്യമന്ത്രി ഉൾപ്പടെ രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിനൊപ്പം അണിനിരന്നപ്പോൾ ഇ. പി. ജയരാജനെ പോലെ തന്നെ അദ്ദേഹത്തിന്റെ പാർട്ടിയുടെ ഏക മുഖ്യമന്ത്രിയും അങ്ങനെ ഒരു യാത്ര നടന്നതായി പോലും ഭാവിച്ചിട്ടുണ്ടായിരുന്നില്ല. ഇന്ത്യൻ മുന്നണി ശക്തമാവുന്ന ഈ സാഹചര്യത്തിൽ ഇത്തരം പരാമർശങ്ങൾ സഹായിക്കുന്നത് ബിജെപിയെ മാത്രമാണ്.
സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായി ഇരുന്നുകൊണ്ട് ബിജെപി അനുകൂല പരാമർശങ്ങൾ നടത്തുകയാണ് ഇ.പി ജയരാജൻ. സംഘപരിവാറിനെ പരാജയപ്പെടുത്താനായി മഹാഗഡ്ബന്ധൻ ബിഹാറിൽ വിജയിക്കണം എന്ന് മതേതരവാദികൾ എല്ലാം ഒരേ മനസ്സോടെ ആഗ്രഹിക്കുമ്പോൾ കോൺഗ്രസ് തോൽക്കണം എന്നതാണ് ഇ.പി ജയരാജന്റെ ആഗ്രഹം. ഇത് ഒരു ഇ. പി ജയരാജന്റെ മാത്രം അഭിപ്രായമാണോ അതോ കേരളത്തിലെ മുഴുവൻ സി.പി.എമ്മിന്റെയും ആഗ്രഹമാണോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയെയും ബിജെപിയെ അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ പോലും എങ്ങനെയും കോൺഗ്രസ് തോറ്റു കാണണം എന്നാണ് ഇ. പി ജയരാജൻ ആഗ്രഹിക്കുന്നത്. ഇന്ത്യയിൽ ബിജെപിക്കെതിരെ പോരാടാൻ ശേഷിയുള്ള, ബിജെപിയെ പരാജയപ്പെടുത്താൻ ശേഷിയുള്ള ഏക പാർട്ടി കോൺഗ്രസാണ്. ആ കോൺഗ്രസ് തോറ്റു തൊപ്പിയിടും എന്ന് പറയുന്നതിന് എങ്ങനെ നോക്കിയാലും ഒരേ ഒരു അർത്ഥമേ ഉള്ളൂ. കോൺഗ്രസ് ദുർബലമായാൽ അവിടെ ശക്തിയെടുന്നത് ബിജെപിയാണ്, വർഗീയതയാണ്.