കോഴിക്കോട് : കെപിസിസി പുനഃസംഘടനയിൽ എല്ലാവർക്കും നൂറ് ശതമാനം തൃപ്തിയുണ്ടെന്ന് അവകാശപ്പെടുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അതേസമയം ചാണ്ടി ഉമ്മന്റേയും അബിൻ വർക്കിയെയും പരിഗണിക്കാത്തതിൽ ഓർത്തഡോക്‌സ് സഭയുടെ വിമർശനം ശ്രദ്ധയിൽപെട്ടിട്ടില്ല. സഭയുടെ അടിസ്ഥാനത്തിലല്ല കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. പുനഃസംഘടനയിൽ പലപ്പോഴും വ്യക്തികൾക്ക് അഭിപ്രായമുണ്ടാകാം. എല്ലാ കാര്യങ്ങളും കോൺഗ്രസ് കണക്കിലെടുക്കാറുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
അതേപോലെ പുനഃസംഘടനയിൽ പരാതികൾ ഉണ്ടാകാം. പരാതികൾ പരിഹരിക്കാൻ കഴിയുന്ന കരുത്ത് കോൺഗ്രസിനുണ്ട്. തൻ്റെ കൺസെപ്റ്റ് വേറെയാണ്. ഏറ്റവും ചെറിയ കമ്മിറ്റിയാണ് തൻറെ കൺസെപ്റ്റ്. കുറേ താൽപര്യങ്ങൾ ഉണ്ടാകാം. അതെല്ലാം പരിഗണിച്ചു പോകേണ്ടതുണ്ട്. ജംബോ കമ്മിറ്റി അനാവശ്യമെന്ന് താൻ പറയുന്നില്ല. സെക്രട്ടറിമാരുടെ ലിസ്റ്റിൽ ഉൾക്കൊള്ളാൻ കഴിയാത്ത പലരെയും ഉൾക്കൊള്ളിക്കേണ്ടിവരും. സാമുദായിക സമവാക്യം ഉറപ്പിച്ചാണ് കോൺഗ്രസ് എന്നും മുന്നോട്ട് പോയതെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം പേരാമ്പ്ര സംഘർഷത്തിൽ പോലീസിന്റെ കരങ്ങൾ കെട്ടാൻ സിപിഐഎം ശ്രമിക്കുന്നുവെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. ഷാഫി പറമ്പിൽ എംപിക്ക് പരുക്കേൽപ്പിച്ചത് ആരാണെന്ന് കണ്ടെത്തുമെന്നാണ് എസ്പി പറഞ്ഞത്. ഉദ്യോഗസ്ഥരെ സിപിഐഎം ഭീഷണിപ്പെടുത്തുകയാണ്. എസ്പി തന്നെ കാര്യങ്ങൾ വ്യക്തമാക്കിയതാണ്. ഭീഷണി പ്രസംഗം നടത്തിയതിന് ഇപി ജയരാജനെതിരെ കേസ് എടുക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.