തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകളും ദൃശ്യങ്ങളും പുറത്ത്. ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണം പൂശിയ പുതിയ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിലാണ് ശ്രീകോവിലിന്റെ വാതില്‍ പ്രദര്‍ശിപ്പിച്ച് പൂജകള്‍ നടത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും സഹായി രമേശ് റാവുവും ചേര്‍ന്നാണ് സ്വര്‍ണം പൂശിയ വാതില്‍ ബെംഗളൂരുവില്‍ എത്തിച്ചത്. 2019 മാര്‍ച്ചിലാണ് ശബരിമല ശ്രീകോവിലില്‍ പുതി
യ വാതില്‍ സമര്‍പ്പിച്ചിരുന്നത്. ഇതിനുമുന്‍പായാണ് സ്വര്‍ണം പൂശിയ വാതില്‍ ബെംഗളൂരുവില്‍ കൊണ്ടുവന്നത്. വാതിലിന്റെ മരപ്പണികളെല്ലാം നടന്നത് ബെംഗളൂരുവിലെ ശ്രീരാംപുര ക്ഷേത്രത്തിലായിരുന്നു. ഇതിനുശേഷം സ്വര്‍ണം പൂശാനായി ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനിലേക്ക് കൊണ്ടുപോയി. ഇതിനുപിന്നാലെയാണ് നടന്‍ ജയറാമിന്റെ വീട്ടിലടക്കം വാതില്‍ കൊണ്ടുപോയി പൂജ നടത്തിയത്. തുടര്‍ന്ന് ബെംഗളൂരുവിലെത്തിച്ച് ശ്രീരാംപുര ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ച് പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ശ്രീകോവിലിന്റെ പുതിയ വാതില്‍ പലയിടങ്ങളിലായി പ്രദര്‍ശിപ്പിച്ചും പൂജ നടത്തിയും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യാപകമായ പണപ്പിരിവ് നടത്തിയെന്നാണ് സംശയം. അതിനിടെ, ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞദിവസവും മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. ശബരിമലയില്‍നിന്ന് തട്ടിയെടുത്ത സ്വര്‍ണം മറിച്ചുവിറ്റ് ഇത് പങ്കിട്ടെടുത്തെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. ഇതിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഭൂമിയിടപാട് നടത്തിയതായി ഇയാള്‍ മൊഴിനല്‍കിയെന്നും സൂചനയുണ്ട്.
സ്വര്‍ണം കവരാനുള്ള ഗൂഢാലോചനയില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ഉന്നതരടക്കം 15-ഓളം പേരുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി വെളിപ്പെടുത്തിയതായാണ് വിവരം.കേരളത്തിനകത്തും പുറത്തും ഗൂഢാലോചന നടന്നെന്ന് പ്രത്യേക അന്വേഷണസംഘത്തോട് പോറ്റി പറഞ്ഞതായാണ് വിവരം. ദ്വാരപാലകശില്പങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണത്തില്‍നിന്ന് തനിക്ക് ലാഭമൊന്നും കിട്ടിയില്ലെന്നും പോറ്റി പറഞ്ഞിരുന്നു. തന്നെ ഉപകരണമാക്കി പലരും സ്വര്‍ണത്തിന്റെ ഗുണം പറ്റിയെന്നു പറയുന്നത് ഇരവാദമുയര്‍ത്തുകയാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും വെളിപ്പെടുത്തിയ പേരുകളിലേക്ക് അന്വേഷണം ഉടനെത്തും.