കൊച്ചി: പെൺകുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്‌നംകൊണ്ടാണെന്നു കാട്ടി കഴിഞ്ഞ നാലുവർഷമായി ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. കൊച്ചി അങ്കമാലിയിലാണ് 29 കാരി ഭർത്താവിന്റെ ക്രൂര പീഡനത്തിന് ഇരയായി വരുന്നത്. യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.
അങ്കമാലി ഞാലൂക്കര സ്വദേശിയാണ് യുവാവും യുവതിയും. 2020 ജൂലൈ രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം. 2021 ജൂലൈ ആറാം തീയതി ഇവർക്ക് പെൺകുട്ടി ജനിച്ചു. ഇതോടെ യുവതിക്കു നേരെയുള്ള മർദനം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഭർത്താവിൽ നിന്നുള്ള ക്രൂരമർദനത്തെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നാലെ ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തു. തുടർന്ന് യുവതി പരാതി നൽകുകയും പോലീസ് കേസെടുക്കുകയായിരുന്നു.
അതേസമയം പെൺകുട്ടി ജനിച്ചത് യുവതിയുടെ പ്രശ്‌നം കൊണ്ടാണെന്ന് കുറ്റപ്പെടുത്തി ക്രൂരമായി ഉപദ്രവിച്ചതായാണ് എഫ്‌ഐആറിൽ പറയുന്നത്. കൂടാതെ ഇയാൾ യുവതിയെ അസഭ്യം പറഞ്ഞതായും വീട്ടുപണികൾ ചെയ്യുന്നില്ലെന്നും പീരിയഡ്‌സ് ആയില്ലെന്ന് പറഞ്ഞും ഇയാൾ ദേഹോപദ്രവം ചെയ്തതായും എഫ്‌ഐആറിൽ പറയുന്നു. തുടർന്നു യുവതിയെ പോലീസ് ഇടപെട്ട് സ്വന്തം വീട്ടിലേക്ക് മാറ്റി. യുവതിയുടെ പരാതിയിൽ ഭർത്താവിനെ ഉടൻ കസ്റ്റഡിയിൽ എടുക്കാനാണ് പോലീസിന്റെ തീരുമാനം.
സംഭവം ഞെട്ടിക്കുന്നതാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി റിപ്പോർട്ടറിനോടു പ്രതികരിച്ചു, കുഞ്ഞ് ആണോ പെണ്ണോ ആകുന്നത് പുരുഷന്റെ ക്രോമസോമിന്റെ വ്യത്യാസത്തിന് അനുസരിച്ചാണെന്നുള്ള ധാരണ പോലുമില്ലാതെയാണ് ഇത്തരത്തിലുള്ള പീഡനങ്ങൾ. വിഷയം ഗൗരവത്തോടെ കേരളീയ സമൂഹം ചർച്ച ചെയ്യേണ്ടതുണ്ട്. സംഭവത്തിൽ പോലീസിനോട് റിപ്പോർട്ട് തേടും. യുവതിക്ക് നിയമസഹായം നൽകുമെന്നും സതീദേവി വ്യക്തമാക്കി.