തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ വെട്ടിലാക്കു ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി. ശബരിമല സംഭവത്തിൽ നടന്നത് വൻഗൂഢാലോചനയെന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി മൊഴി നൽകിയത്. ഈ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷിനെ കൊണ്ടുവന്നതെന്നും പലരിൽ നിന്നും പണം കൈപ്പറ്റിയതും. ഉദ്യോഗസ്ഥർക്ക് പുറമെ ഭരണസമിതിയും തന്നെ സഹായിച്ചിട്ടുണ്ടെന്നും ഇവർക്കെല്ലാം താൻ പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും പോറ്റി അന്വേഷണ സംഘത്തിനു മൊഴി നൽകി.
അതേസമയം ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ പത്തു മണിക്കൂറോളമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് എസ്പി പി. ബിജോയിയുടെ നേതൃത്വത്തിലായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യൽ. പിന്നാലെ എസ്പി ശശിധരനും രാത്രി പന്ത്രണ്ടരയോടെ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. അറസ്റ്റിനു ശേഷം രാവിലെ തന്നെ പോറ്റിയെ പത്തനംതിട്ടയിൽ എത്തിച്ച് ഉച്ചയോടെ റാന്നി കോടതിയിൽ ഹാജരാക്കും.
നിലവിൽ ദ്വാരപാലക ശിൽപ്പപാളികളിലെ സ്വർണക്കൊള്ള, കട്ടിളപ്പടിയിലെ സ്വർണപ്പാളി ചെമ്പാക്കിയ അട്ടിമറി എന്നിങ്ങനെ രണ്ടു കേസുകളിലും പ്രതിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി. ശബരിമലയുടെ മറവിൽ പോറ്റി ലക്ഷങ്ങൾ കൈക്കലാക്കിയെന്നാണ് വിജിലൻസ് റിപ്പോർട്ട്. സ്പോൺസറെന്ന് അവകാശപ്പെട്ടിരുന്ന ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം പൂശലിൽ ആകെ ചെലവാക്കിയത് 3 ഗ്രാം മാത്രമാണ്. 56 പവനോളം അടിച്ചെടുത്തു. ഇപ്പോഴത്തെ വിപണി വിലയിൽ ഇതിന് അമ്പത് ലക്ഷത്തോളം രൂപയുടെ ലാഭമുണ്ടെന്നും അന്വേഷണ സംഘം.