ഇനി കുറച്ചുനാളുകൾ ഇന്ത്യൻ രാഷ്ട്രീയ നിരീക്ഷകരുടെ കണ്ണും, കാതുമെല്ലാം തുറന്നിരിക്കുന്നത് ബിഹാർ തിരഞ്ഞെടുപ്പിലേക്കാണ്. ആരു വീഴും, ആരുവാഴും എന്നറിയാനുള്ള ഉദ്യോഗം നിറഞ്ഞ കാത്തിരിപ്പ്… ബിഹാർ പിടിക്കുന്നത് വഴി ഡൽഹിയിലും പിടിമുറുക്കാൻ ആകും എന്ന് ഇന്ത്യ മുന്നണി ഉറച്ചു വിശ്വസിക്കുമ്പോൾ മറുഭാഗത്ത് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്കും ഇതൊരു ‘ഡൂ ഓർ ഡൈ’ തിരഞ്ഞെടുപ്പ് തന്നെയാണ്. ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതെ കേന്ദ്രസർക്കാറിന് കാലാവധി പൂർത്തിയാക്കാനും, ബിജെപിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന രാഷ്ട്രീയ ആരോപണങ്ങളുടെ മുന ഒടിക്കാനും എൻഡിഎ മുന്നണിക്കും ഈ തിരഞ്ഞെടുപ്പിലെ വിജയം അനിവാര്യമാണ്. അതിനാൽ തന്നെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും തമ്മിലുള്ള മത്സരം എന്നതുപോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം കൂടിയാണ്.
പല വർഷങ്ങളായി ബീഹാറിന്റെ മുഖ്യമന്ത്രിപദം അലങ്കരിക്കുന്ന നിതീഷ് കുമാറിനെ തന്നെ ഉയർത്തിക്കാട്ടിയാണ് എൻഡിഎ മുന്നണി വോട്ടു ചോദിക്കുന്നത്. എൻഡിഎ മുന്നണി പ്രധാനമായും പ്രതീക്ഷ വയ്ക്കുന്നത് വനിത വോട്ടർമാരിലാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി നിതീഷ് കുമാർ നിരവധി സ്ത്രീപക്ഷ നയങ്ങൾ നടപ്പിലാക്കി എന്നും അതിന്റെ പ്രതിഫലനം ഈ തെരഞ്ഞെടുപ്പിലും ഉണ്ടാവും എന്നുമാണ് എൻഡിഎ ക്യാമ്പ് ഉറച്ചു വിശ്വസിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപായി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത 75 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10000 രൂപ വീതം നിക്ഷേപിക്കുന്ന മുഖ്യമന്ത്രി മഹിള റോസ് യോജന വനിത വോട്ടർമാർക്കിടയിൽ എൻഡിഎ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
എന്നാൽ മറുഭാഗത്ത് ഇന്ത്യ മുന്നണിയും ആത്മവിശ്വാസത്തിൽ തന്നെയാണ്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണങ്ങൾ ബീഹാറിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയതിനാൽ തന്നെ രാഹുൽ ഗാന്ധി ഉയർത്തുന്ന വോട്ട് മോഷണ ആരോപണത്തിന് ഏറ്റവും അധികം പിന്തുണ കിട്ടാൻ ഇടയുള്ള സംസ്ഥാനം ബീഹാറാണ്. ബീഹാറിൽ രാഹുൽ ഗാന്ധി നടത്തിയ വോട്ടർ അധികാർ യാത്രയ്ക്ക് ലഭിച്ച വലിയ ജനപിന്തുണ ഇന്ത്യ മുന്നണിയുടെ പ്രതീക്ഷകളെ വാനോളം ഉയർത്തുന്നുണ്ട്. വോട്ടർ അധികാർ യാത്രയിലെ സ്ത്രീ പങ്കാളിത്തവും, സംസ്ഥാന വ്യാപകമായി നിഴലിച്ചിട്ടുള്ള ഭരണ വിരുദ്ധവികാരം ഏറ്റവും അധികം സ്വാധീനം ഉണ്ടാക്കിയിട്ടുള്ളത് സ്ത്രീകൾക്കിടയിലാണ് എന്നതും എൻഡിഎ സ്വപ്നം കാണുന്നതുപോലെ വനിത വോട്ടർമാരുടെ പിന്തുണ ഇത്തവണ നിതീഷ് കുമാറിന്റെ മുന്നണിലേക്ക് എത്തിക്കില്ല എന്നതാണ് ഇന്ത്യ മുന്നണിയുടെ വിലയിരുത്തൽ. ബീഹാറിലെ യുവാക്കൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളിൽ അസംതൃപ്തരാണെന്നുള്ളതും അതുപോലെ തന്നെ പണപെരുപ്പം സൃഷ്ടിക്കുന്ന വിലക്കയറ്റ പ്രശ്നങ്ങളും തിരഞ്ഞെടുപ്പിനെ ഇന്ത്യ മുന്നണിക്ക് അനുകൂലമാക്കും എന്നുമാണ് വിലയിരുത്തലുകൾ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രഖ്യാപിക്കപ്പെട്ട സൗജന്യ പദ്ധതികൾ വോട്ടർമാർക്ക് കോഴ നൽകുന്നതാണെന്നുള്ള പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്ന് ഒരു വലിയ ശതമാനം വോട്ടർമാരും വിശ്വസിക്കുന്നുണ്ട്, അതുകൊണ്ടുതന്നെ ബിജെപി സ്വപ്നം കാണുന്ന നിലയിൽ സൗജന്യ പദ്ധതികൾ എൻഡിഎ മുന്നണിയിലേക്ക് വോട്ട് കൊണ്ടുവരാൻ സാധ്യതയില്ല.
സീറ്റ് വിഭജനത്തെ ചൊല്ലിയുണ്ടായ, ഇതുവരെയും പൂർണ്ണമായി പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ ബിജെപിക്ക് അപ്രതീക്ഷിതമായി ഏറ്റ തിരിച്ചടിയാണ്. ആദ്യം സീറ്റ് വിഭജനത്തിൽ മുഖം തിരിച്ചു നിന്ന ചിരാഗ് പാസ്വാന്റെ പാർട്ടിയെ ഒരു വിധം അനുനയിപ്പിച്ചു കൊണ്ടുവന്നപ്പോൾ അതിനേക്കാൾ വലിയ കലഹത്തിന് മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ തുടക്കമിട്ടു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിതീഷ് കുമാർ സീറ്റ് വിഭജനത്തിൽ പൂർണ തൃപതനാണ് എന്ന് ജെഡിയു നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിൽ പോലും തിരഞ്ഞെടുപ്പ് വേദികളിലെ നിതീഷ് കുമാറിന്റെ അസാന്നിധ്യം പറയുന്നത് അദ്ദേഹത്തിന്റെ അസംതൃപ്തി തന്നെയാണെന്ന് പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരും ഒരുപോലെ വിലയിരുത്തുന്നു. സംസ്ഥാനങ്ങളിലെ ശക്തമായ പാർട്ടികൾക്ക് ഒപ്പം സഖ്യം ഉണ്ടാക്കുകയും ശേഷം പ്രാദേശിക പാർട്ടികളെ വിഴുങ്ങി സ്വയം ശക്തരാകുന്ന ബിജെപിയെ എങ്ങനെ പൂർണ്ണമായും വിശ്വസിക്കുമെന്ന പ്രശ്നം ജെഡിയുവിനുള്ളിലും ഉണ്ട്. അതുപോലെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ പലകുറി മുന്നണികൾ മാറിമാറി അധികാര കസേര നിലനിർത്തുന്ന നിതീഷ് കുമാറിനെ വിശ്വാസത്തിൽ എടുക്കാൻ ബിജെപിക്കും കഴിയുന്നില്ല എന്നതാണ് എൻഡിഎ മുന്നണിയിലെ പ്രധാന പ്രശ്നം.
എൻഡിഎ മുന്നണിയിലേതു പോലെ തന്നെ ജെഡിയുവിനുള്ളിലും സീറ്റ് വിഭജനം വലിയ ആഭ്യന്തര കലാപങ്ങളാണ് സൃഷ്ടിക്കുന്നത്. സീറ്റ് വിഭജനമായി ബന്ധപ്പെട്ട തർക്കങ്ങൾ പാർട്ടി ചർച്ചകൾക്ക് അപ്പുറം പരസ്യ പ്രതിഷേധങ്ങളിലേക്ക് വഴിമാറുന്നതിനും കഴിഞ്ഞദിവസം ബീഹാർ സാക്ഷ്യം വഹിച്ചു . ഭഗൽപ്പുർ ജില്ലയിലെ ഗോപാൽപ്പുർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജെഡിയു എംഎൽഎ ഗോപാൽ മണ്ഡലും അദ്ദേഹത്തിന്റെ അനുയായികളും ചൊവ്വാഴ്ച മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിക്കു മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സീറ്റ് നൽകില്ലെന്ന് സൂചനകൾ ലഭിച്ചതോടെയായിരുന്നു ഇത്തരത്തിൽ പരസ്യ പ്രതിഷേധത്തിലേക്ക് കാര്യങ്ങൾ വഴിമാറിയത്. തുടർച്ചയായി മൂന്നുതവണ ഗോപാൽപ്പുർ മണ്ഡലത്തിൽ നിന്ന് ജയിച്ച ഗോപാൽ മണ്ഡലിന് ഇത്തവണ സീറ്റ് നൽകുന്നില്ലെന്ന നിലപാടിലാണ് ജെഡിയു നേതൃത്വം. ഒടുവിൽ എംഎൽഎയും അനുയായികളെയും പോലീസ് എത്തി ബലപരമായി നീക്കുകയായിരുന്നു.
സീറ്റ് വിഭജനത്തെ ചൊല്ലി ഭഗൽപ്പുർ ജെഡിയുവിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. ഭഗൽപ്പുർ ജില്ലയിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ തന്നെ ഉൾപ്പെടുത്തുന്നില്ലെന്നും ആയതിനാൽ തന്നെ എംപിയായി തുടരുന്നതിൽ അർത്ഥമില്ലെന്ന് ചൂണ്ടിക്കാട്ടി ഭഗൽപ്പുർ എംപിയും ജെഡിയു നേതാവുമായ അജയകുമാർ ജെ.ഡി.യു നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചതായും വാർത്തകൾ ഉണ്ട്. ജെഡിയുവും ബിജെപിയും ഒരേ എണ്ണം സീറ്റുകളിലാണ് മത്സരിക്കുക എന്നത് നിതീഷ് കുമാർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഇതുവരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ജെഡിയു ബിജെപിയും ഒരുമിച്ച് മത്സരിക്കാൻ തുടങ്ങിയതിനു ശേഷം ഇത് ആദ്യമായാണ് ഇരു പാർട്ടികളും തുല്യമായ സീറ്റുകളിൽ മത്സരിക്കുന്നത്. ഇതോടെ എൻഡിഎ മുന്നണിയിലെ പ്രധാന കക്ഷി എന്ന സ്ഥാനം ജെഡിയുവിന് നഷ്ടമായി. എപ്പോഴും അധികാര കസേരകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിതീഷ് കുമാറിനെ സംബന്ധിച്ചിടത്തോളം ഇതൊരു നാണക്കേട് തന്നെയാണ്.
ഭരണ പ്രതിപക്ഷ പാർട്ടികൾ ഒരുപോലെ പ്രതീക്ഷ വയ്ക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡി.എ മുന്നണിയിലെ സീറ്റ് വിഭജന പ്രശ്നങ്ങൾ കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിക്ക് ഒരു മുൻതൂക്കം സമ്മാനിക്കുന്നുണ്ട്. പരിഹരിക്കും തോറും വലുതാകുന്ന ഒട്ടനവധി പ്രശ്നങ്ങളെ മുന്നണിക്കുള്ളിൽ തന്നെ ബിജെപിക്ക് നേരിടേണ്ടതായി ഉണ്ട്. പ്രാദേശിക കക്ഷികളെ ബിജെപി കൈകാര്യം ചെയ്യുന്ന രീതി നിതീഷ് കുമാറിന് ബോധ്യമുള്ളതുകൊണ്ടുതന്നെ ഒരു കൈ അകലത്തിലുള്ള അടുപ്പമാണ് ബിജെപിയോട് നിതീഷ് കുമാറും കാണിക്കുന്നത്. എന്തുവിലകൊടുത്തും ഭരണത്തിൽ എത്തുക എന്നതിൽ കവിഞ്ഞ ഒരു ചിന്തയും കോൺഗ്രസിന്റെയും തേജസ്വിയുടെ ആർജെഡിയുടെയും മുന്നിലില്ല. എൻഡിഎ മുന്നണിയിലെ സീറ്റ് വിഭജന തർക്കങ്ങളെ അതിജീവിച്ച് മുന്നോട്ടു പോയാൽ മാത്രമേ ബിജെപിയുടെ കണക്കുകൂട്ടലുകൾ ശരിയാകുകയുള്ളൂ. ഭരണവിരുദ്ധ വികാരം, യുവാക്കളുടെ മനസ് , വോട്ട് മോഷണ വിവാദം, വിലക്കയറ്റം, സ്ത്രീ വോട്ടർമാരുടെ തീരുമാനങ്ങൾ എന്നീ അഞ്ചു ഘടകങ്ങൾ ആകും ആരാണ് ബീഹാർ ഭരിക്കേണ്ടത് എന്ന് തീരുമാനിക്കുക.