പാലക്കാട്: ‘ഞാൻ അവളെ വെട്ടിക്കൊന്നു’ –നെന്മാറ പോത്തുണ്ടി സ്വദേശിനി സജിതയെ ക്രൂരമായി കൊലപ്പെടുത്തിയശേഷം പ്രതി ചെന്താമര സഹോദരനെ വിളിച്ചു പറഞ്ഞതിങ്ങനെ. ‘നീ എവിടെയെങ്കിലും പോയി ചത്തോ’ എന്നായിരുന്നു സഹോദരന്റെ മറുപടി. സജിത വധക്കേസിന്റെ ആദ്യത്തെ പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐആർ) പേരുപോലുമില്ലാതിരുന്ന കൊലപാതകത്തിൽ പ്രതി ചെന്താമരയെ കുരുക്കാൻ അന്വേഷണ സംഘത്തിന് ചെന്താമരയിട്ടുകൊടുത്ത പ്രധാന തെളിവായിരുന്നു ആ ഫോൺ കോൾ. കേസിന്റെ മുന്നോട്ടുള്ള യാത്രയിൽ ഈ മൊഴി പ്രധാന തെളിവായി. കൂടാതെ ഫോൺ രേഖകളും.
അതേസമയം സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്നു കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ശിക്ഷ നാളെ വിധിക്കും. 2019 ഓഗസ്റ്റ് 31നാണ് സജിതയെ (35) പോത്തുണ്ടി തിരുത്തംപാടത്തെ വീടിനകത്തു കഴുത്തിനു പിന്നിലും തോളിലും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സുധാകരൻ തിരുപ്പൂരിൽ ജോലിസ്ഥലത്തും മക്കൾ സ്കൂളിലുമായിരുന്നു ആ സമയം. തന്റെ കുടുംബം തകർത്തതും ഭാര്യ പിണങ്ങിപ്പോയതിനും പിന്നിൽ സജിതയാണെന്ന അയൽവാസിയും ബോയൻ കോളനി സ്വദേശിയുമായ ചെന്താമരയുടെ സംശയമാണു കൊലപാതകത്തിലേക്കു നയിച്ചത് എന്നാണു പോലീസിന്റെ കണ്ടെത്തൽ.
സജിത വധക്കേസിൽ പ്രതി ചെന്താമരയുടെ സഹോദരന്റെ രഹസ്യമൊഴി കോടതി മുൻപാകെ പോലീസ് ആദ്യം തന്നെ രേഖപ്പെടുത്തിയിരുന്നു. ഇതടക്കമുള്ള മൊഴികളും അനുബന്ധ തെളിവുകളും വിചാരണക്കോടതിയിൽ നിർണായകമായി. ചെന്താമരയുടെ ഭാര്യ, കൊല്ലപ്പെട്ട സജിതയുടെ മകൾ, പ്രധാനസാക്ഷി പുഷ്പ എന്നിവരുടെ മൊഴികളും കേസിൽ പ്രധാനമായിരുന്നു.
അതേസമയം സജിത വധക്കേസിന്റെ ആദ്യത്തെ പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐആർ) പ്രതി ചെന്താമരയുടെ പേരില്ല. ആ സമയത്ത് പ്രതി ആരെന്നു വ്യക്തമല്ലായിരുന്നു. ദൃക്സാക്ഷികളും ഇല്ല. ചെന്താമരയ്ക്കു സജിതയുടെ കുടുംബത്തോടുള്ള പകയെക്കുറിച്ച് പോലീസിനു സൂചനകൾ ലഭിച്ചിരുന്നു. കൊലപാതകം നടന്ന സമയത്തോടനുബന്ധിച്ചു പ്രതി ചെന്താമര അയാളുടെ വീട്ടിൽ നിന്ന് ഇറങ്ങുന്നതു കണ്ടെന്ന മൊഴികളും കേസിൽ സഹായകരമായി.
കൂടാതെ ചോരപുരണ്ട വസ്ത്രങ്ങൾ, കൊലയ്ക്ക് ഉപയോഗിച്ച ആയുധമടക്കം പ്രതി ചെന്താമരയുടെ ഭാര്യ തിരിച്ചറിഞ്ഞു. ശാസ്ത്രീയ തെളിവുകളും ഉണ്ടായിരുന്നു. സജിതയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങളും രക്തക്കറ പുരണ്ട ആയുധവും പ്രതിയുടെ വീട്ടിൽ നിന്നു കണ്ടെടുത്തതും നിർണായക തെളിവായി. മാത്രമല്ല ഈ കേസിലെ സാക്ഷികൾ ആരും കൂറുമാറിയില്ല. ‘‘2 പേരെ കൊന്നു. 100 കൊല്ലം വേണമെങ്കിലും എന്നെ ശിക്ഷിച്ചോളൂ. എത്രയും പെട്ടെന്നു വിധി വേണം. ഇനി പുറത്തിറങ്ങേണ്ട. ആരേയും കാണേണ്ട’’– നെന്മാറ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായി ആലത്തൂർ കോടതിയിൽ ഹാജരാക്കിയപ്പോൾ ചെന്താമര പ്രതികരിച്ചതിങ്ങനെ.
അതേസമയം സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി 2025 ജനുവരി 27നു സജിതയുടെ ഭർത്താവ് സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തി. സജിത വധക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയതോടെ ഒരു നാടിന്റെ ഭീതിക്കുകൂടിയാണ് ശമനമാകുന്നത്. ഇനിയും ചിലരെക്കൂടി ലക്ഷ്യമിട്ടിട്ടുണ്ടെന്നു ചെന്താമര ഭീഷണി മുഴക്കിയതാണു സജിതയുടെ ബന്ധുക്കളെയും നാട്ടുകാരെയും ഭയപ്പെടുത്തിയത്. ഇതോടെ ഇരട്ടക്കൊലക്കേസിൽ പ്രതിക്കെതിരെ മൊഴി നൽകാൻ പോലും ഭയപ്പെടുന്ന സാഹചര്യമായിരുന്നു.