സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്നവർ ഒരു സുപ്രഭാതത്തിൽ എല്ലാം മറന്ന് അയ്യപ്പനെ സംരക്ഷിക്കാൻ ഇറങ്ങുന്നു. അതിനൊരു പേരുമിടുന്നു ആഗോള അയ്യപ്പ സംഗമം… പിന്നാലെ എടിപിടീന്ന് കാര്യങ്ങൾ നീക്കുന്നു, പാർട്ടി നേതാക്കൾ ശബരിമലയിലേക്ക് വണ്ടി കേറുന്നു എന്താല്ലേ കഥ… ഇങ്ങനെയൊക്കെ വരുമ്പോൾ ചില ചോദ്യങ്ങൾ ഉരുത്തിരിയുന്നു. സത്യത്തിൽ കേരളത്തിൽ ആരാണ് യഥാർത്ഥത്തിൽ വിശ്വാസങ്ങൾക്കും വിശ്വാസികൾക്കും ഒപ്പം നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനം? ആഗോള അയ്യപ്പ സംഗമവും കോൺഗ്രസിന്റെ വിശ്വാസ സംഗമവും നടന്നു കഴിയുമ്പോൾ ഈ ചോദ്യത്തിന് പ്രസക്തിയേറുകയാണ്. രണ്ടു കൂട്ടരും വിശ്വാസികൾക്കൊപ്പമാണോ? അതോ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിശ്വാസിയായി മാറിയ കപടന്മാരും ഈ കൂട്ടത്തിൽ ഉണ്ടോ? വിശദമായി തന്നെ പരിശോധിക്കാം, വിശ്വാസികൾക്കൊപ്പം നിലകൊള്ളുന്നത് ആര്!
സംസ്ഥാനത്ത് മൂന്ന് ആഴ്ചകളുടെ വ്യത്യാസത്തിൽ നടന്നത് രണ്ടു വിശ്വാസ സംഗമങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവും കോൺഗ്രസ് സംഘടിപ്പിച്ച വിശ്വാസ സംഗമവും. ആഗോള അയ്യപ്പ സംഗമം എന്തിനുവേണ്ടിയാണ് നടത്തപ്പെട്ടത് എന്ന് ബഹുഭൂരിപക്ഷം മലയാളികൾക്കും ധാരണയില്ല. അതേസമയം അയ്യപ്പന്റെ മുതൽ കൊള്ളയടിക്കുന്നതിനെതിരെയാണ് തങ്ങളുടെ സംഗമം എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് പത്തനംതിട്ടയിൽ കോൺഗ്രസുകാർ സംഘടിച്ചത്. അതായത് കോൺഗ്രസിന്റെ വിശ്വാസ സംഗമത്തിന് കൃത്യമായ കാര്യവും കാരണവുമുണ്ട്. എന്നാൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിനു പിന്നിൽ എന്തെങ്കിലും ഒരു കാരണമോ വിശ്വാസികളുടെ താല്പര്യമോ ഉണ്ടെന്ന് പൊതുജനത്തിന് ബോധ്യപ്പെടാത്തത് കൊണ്ടാണ് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള കപട സംഗമമായിരുന്നു ആഗോള അയ്യപ്പ സംഗമം എന്ന വിമർശനങ്ങൾ ആദ്യം മുതൽക്കേ തന്നെ ഉയർന്നത്. അതേസമയം കോൺഗ്രസ് വിശ്വാസ സംഗമത്തിലൂടെ ഉന്നയിക്കുന്ന വിഷയം വളരെ ഗൗരവമുള്ളതാണ്. ശബരിമലയിലെ ദ്വാരബാലക ശില്പങ്ങൾ കൊള്ളയടിച്ചതിനെതിരെയാണ് അവർ സംസാരിക്കുന്നത്. അവർ ഈ വിഷയത്തെ കേവലം ഒരു വിശ്വാസ സംഗമത്തിൽ മാത്രമായി തളച്ചിടുക അല്ല, കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റികളിൽ തുടങ്ങി സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ദേവസ്വം ബോർഡ് മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ആഗോള അയ്യപ്പ സംഗമത്തിൽ ഭാഗമായ മന്ത്രിമാർക്ക് പോലും ഈ വിഷയത്തിൽ വ്യക്തമായ ഒരു മറുപടിയില്ല എന്നതാണ് ഇതിൽ ഏറ്റവും വലിയ വിരോധാഭാസം.
സിപിഎമ്മിന് എന്നുമുതലാണ് വിശ്വാസികളോട് ഈ സ്നേഹം വന്നു തുടങ്ങിയത് ? ശബരിമലയിലെ യുവതി പ്രവേശനമായി ബന്ധപ്പെട്ട് സർക്കാറും പാർട്ടിയും മുന്നണിയും സ്വീകരിച്ച നിലപാട് കേരളം കണ്ടതാണ്. ഇന്ന് ഭക്തനാണ് എന്ന് വെള്ളാപ്പള്ളി നടേശൻ അവകാശപ്പെടുന്ന കേരളത്തിന്റെ മുഖ്യമന്ത്രി അന്ന് പ്രസംഗിച്ചതൊക്കെയും മലയാളികൾ മറക്കാൻ ഇടയില്ല. ആൽമരച്ചോട്ടിൽ ഇരിക്കുമ്പോൾ പാർട്ടി സെക്രട്ടറിക്ക് ബോധോദയം ഉണ്ടായതുകൊണ്ടല്ല ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടിൽ നിന്ന് സിപിഎം പിന്നോട്ട് പോയത്. അതിന്റെ കാരണം 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ഒന്നു മാത്രമാണ്. സിപിഎമ്മിന്റെ നിലപാടും വിശ്വാസ സംരക്ഷണവും എന്താണെന്ന് വ്യക്തമാക്കാൻ ഇതിനേക്കാൾ നല്ല ഉദാഹരണമില്ല. യുവതി പ്രവേശനത്തെ സംബന്ധിച്ച കോടതിവിധിയിൽ മാറ്റങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല, എന്നാൽ നിലവിൽ സർക്കാർ യുവതികൾക്ക് ശബരിമലയിൽ പ്രവേശന അനുമതി നൽകുന്നില്ല താനും. ആദ്യ നിലപാടിൽ നിന്ന് ഇങ്ങനെ ഒന്നിലേക്ക് മാറാൻ സിപിഎമ്മിനെ പ്രേരിപ്പിച്ച ഘടകത്തെ വിളിക്കേണ്ടത് വിശ്വാസം എന്നല്ല വോട്ടുബാങ്ക് എന്ന് തന്നെയാണ്.
ശബരിമലയെയും വിശ്വാസ സംരക്ഷണത്തെയും സംബന്ധിക്കുന്ന വിഷയങ്ങളിലെ യുഡിഎഫിന്റെ നിലപാട് എന്താണ് എന്ന ചോദ്യത്തിനുള്ള ഏറ്റവും നല്ല മറുപടി നിലവിൽ ഫേസ്ബുക്കിൽ ട്രെൻഡിങ് ആയിട്ടുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പഴയൊരു ഫേസ്ബുക്ക് പോസ്റ്റ് ആണ്. യുഡിഎഫിന് ശബരിമല രാഷ്ട്രീയ ആയുധം അല്ല പുണ്യഭൂമിയാണ് എന്ന തലക്കെട്ടിൽ എഴുതിയിട്ടുള്ള ഫേസ്ബുക്ക് കുറുപ്പിൽ വിശദമായി തന്നെ ശബരിമലയിലെ യുഡിഎഫ് സർക്കാരിന്റെ നിലപാടുകളും ശബരിമലയിൽ സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികളും വിശദീകരിക്കുന്നുണ്ട്. കോൺഗ്രസ് ശബരിമലയിലോ അല്ലെങ്കിൽ അതുസംബന്ധിച്ച വിശ്വാസ വിഷയങ്ങളിലോ വിശ്വാസികൾക്ക് എതിരായി ഒരു നിലപാടെടുത്തു എന്ന അഭിപ്രായം ഒരുപക്ഷേ ഇടതുപക്ഷക്കാർക്ക് പോലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. നിലവിൽ അയ്യപ്പന്റെ മുതൽ കൊള്ളയടിച്ച അമ്പലം വിഴുങ്ങുകൾക്കെതിരെ കോൺഗ്രസ് നിയമസഭയ്ക്ക് അകത്തും പുറത്തും നടത്തുന്ന സമരങ്ങളും പ്രതിഷേധങ്ങളും വിശ്വാസ സമൂഹത്തോടുള്ള കോൺഗ്രസിന്റെ ആത്മാർത്ഥതയാണ് അടയാളപ്പെടുത്തുന്നത്.
കല്ലും മുള്ളും ചവിട്ടി മലകയറുന്ന അയ്യപ്പ ഭക്തന്മാരുടെതാണ് ശബരിമല. എന്നാൽ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ പ്രതിനിധികൾ താമസിച്ചത് നക്ഷത്ര ഹോട്ടലുകളിലായിരുന്നു. മുറി വാടക ഇനത്തിൽ ലക്ഷക്കണക്കിന് രൂപയാണ് ദേവസ്വം ബോർഡ് ആഗോള അയ്യപ്പ സംഘവുമായി ബന്ധപ്പെട്ട് ചിലവഴിച്ചത് എന്നായിരുന്നു മാധ്യമങ്ങൾ ഏതാനും ദിവസങ്ങൾക്കു മുന്നേ റിപ്പോർട്ട് ചെയ്തത്. 3000 പേര് പങ്കെടുക്കുമെന്ന് കരുതിയ പരിപാടിയിൽ 4600ൽ അധികമാളുകൾ പങ്കെടുത്തതായി പാർട്ടി സെക്രട്ടറി അവകാശപ്പെടുമ്പോൾ പരിപാടിക്കിടെ ഒഴിഞ്ഞുകിടന്ന കസേരകൾ കേരളം കണ്ടതാണ്. ദേവസ്വം ബോർഡ് ലക്ഷക്കണക്കിന് രൂപ ചെലവാക്കി സംഘടിപ്പിച്ച ഈ അയ്യപ്പ സംഗമത്തിന്റെ ഉദ്ദേശശുദ്ധി എന്താണെന്ന് ഏറെക്കുറെ മലയാളികൾക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. അതേസമയം കോൺഗ്രസിന്റെ വിശ്വാസി സംഗമം വിശ്വാസികളുടെ ആശങ്കകൾ പ്രതിധ്വനിക്കുന്ന ഇടമായിരുന്നു. വിശ്വാസം എവിടെ തകർക്കപ്പെടുന്നുണ്ടോ അവിടെ പോരാട്ടവുമായി മുന്നിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉണ്ടാകുമെന്നാണ് വിശ്വാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോൾ കെസി വേണുഗോപാൽ പ്രസംഗിച്ചത്. നിയമസഭയിലും വിശ്വാസി സംഗമത്തിലും കോൺഗ്രസ് ഉയർത്തുന്ന ചോദ്യങ്ങൾ കേരളത്തിലെ ഓരോ വിശ്വാസിയുടെയും മനസ്സിലുള്ള ചോദ്യങ്ങളാണ്.
കോൺഗ്രസാണോ സിപിഎമ്മാണോ വിശ്വാസികൾക്കൊപ്പം നിലകൊള്ളുന്ന പാർട്ടി എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. കാരണം ഒരു കാലത്തും വിശ്വാസികൾക്ക് ഒപ്പം സത്യസന്ധമായി നിലകൊണ്ട ചരിത്രം സിപിഎമ്മിന് ഇല്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള അടവ് നയങ്ങൾ മാത്രമാണ് സിപിഎം ഇത്തരം വിഷയങ്ങളിൽ സ്വീകരിക്കാറുള്ളത്. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്നവർ ഒരു സുപ്രഭാതത്തിൽ അത് മറന്നു പോയതും ഇതേ വോട്ട് ബാങ്കു രാഷ്ട്രീയം കൊണ്ടുതന്നെയാണ്. എന്നാൽ കോൺഗ്രസ് അന്നും ഇന്നും മുന്നോട്ടുവയ്ക്കുന്നത് വിശ്വാസികൾക്ക് ഒപ്പം എന്ന സമീപനം തന്നെയാണ്. അയ്യപ്പന്റെ മുതൽ കൊള്ളയടിച്ചവരും സ്വർണ്ണം ചെമ്പാക്കി മാറ്റാൻ കൂട്ടുനിന്നവരും ശിക്ഷിക്കപ്പെടണം എന്ന വിശ്വാസ സമൂഹത്തിന്റെ ആവശ്യത്തെ തന്നെയാണ് ഇവിടെ വിശ്വാസി സംഗമത്തിലൂടെയും പ്രതിഷേധങ്ങളിലൂടെയും കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്നത്. ചുരുക്കം പറഞ്ഞാൽ വിശ്വാസികളുടെ വികാരങ്ങളെയും പ്രതിഷേധങ്ങളെയും രാഷ്ട്രീയപരമായി ഉന്നയിക്കുക എന്ന സമീപനമാണ് ഈ വിഷയങ്ങളിൽ കോൺഗ്രസ് സ്വീകരിച്ചുവരുന്നത്.