കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ്- സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പോലീസ് ഏകപക്ഷീയമായി കണ്ണീർ വാതകം പ്രയോഗിച്ചുവെന്ന് യുഡിഎഫ് നേതാക്കൾ. പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എംപി, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾക്കും പരുക്കേറ്റു.
പോലീസ് മർദനത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആഹ്വാനം ചെയ്തു. നാളെ സംസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം, സംഭവത്തിൽ ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അവകാശ ലംഘനത്തിന് നോട്ടീസ് നൽകും. എംപിക്ക് സുരക്ഷ നൽകുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചതായി കോൺഗ്രസ് പറഞ്ഞു.
ഈ മർദനത്തിനും ചോരയ്ക്കും പിന്നിലെ കാരണം സ്വർണക്കടത്ത് ഒളിച്ചുവയ്ക്കാനുളള വ്യാമോഹമാണെങ്കിൽ, ഇതിലും വലിയ പരാജയം പേരാമ്പ്രയിൽ നിങ്ങൾക്കുണ്ടാകുമെന്ന് പറയാൻ ആഗ്രഹിക്കുകയാണ്. എന്തിനെക്കൊണ്ട് വാർത്ത മറച്ചാലും സ്വർണം കട്ടവരെ ജനങ്ങളുടെ മുന്നിൽ തുറന്നുകാണിക്കുക തന്നെ ചെയ്യുമെന്ന് ഷാഫി പറഞ്ഞു, ഇനി പൊലീസിനോടാണ്, ശമ്പളം പാർട്ടി ഓഫീസിൽ നിന്നല്ല തരുന്നത് എന്ന ഓർമ്മ വേണം. ഇപ്പോൾ ചെയ്ത പണിക്കുളള മറുപടി ഞങ്ങൾ നൽകുന്നതായിരിക്കും’ ഷാഫി പറമ്പിൽ വ്യക്തമാക്കി.
റാലിക്കിടെയുണ്ടായ ലാത്തിച്ചാർജിലാണ് ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റത്. കൂടാതെ നിരവധി യുഡിഎഫ് പ്രവർത്തകർക്കും ഡിവൈഎസ്പി ഹരിപ്രസാദിനും പരുക്കേറ്റിട്ടുണ്ട്. ഡിവൈഎസ്പിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാലിക്കിടെ സിപിഎം – യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പോലീസ് ലാത്തി വീശിയത്. സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സംഘർഷം ഉണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി ഇന്ന് പേരാമ്പ്ര ടൗണിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു. പിന്നാലെയാണ് റാലി സംഘടിപ്പിച്ചത്.