സാമുദായിക ഐക്യത്തിന് പേര് കേട്ട ഒഡീഷയിലെ കട്ടക്കിൽ ദുർഗാ പൂജ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് അക്രമ സംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടു. നഗരത്തിലെ ദർഗ ബസാർ പ്രദേശത്ത് നടന്ന ഘോഷയാത്രയ്ക്കിടെ ഉച്ചത്തിലുള്ള സംഗീതത്തെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് സംഘർഷങ്ങൾക്ക് കാരണമായതെന്ന് പറയപ്പെടുന്നു.
തുടർന്ന് ഇൻറർനെറ്റ് നിരോധിക്കുകയും ബന്ദിന് ആഹ്വാനം ചെയ്യുകയും മറ്റുമായിരുന്നു. പോലീസും ദൃക്‌സാക്ഷികളും പറയുന്നതനുസരിച്ച്, ശനിയാഴ്ച പുലർച്ചെ 1:30 നും 2 നും ഇടയിലാണ് ആദ്യത്തെ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ദർഗ്ഗ ബസാർ പ്രദേശത്തുകൂടി കഥജോഡി നദിയുടെ തീരത്തേക്ക് പോകുന്ന ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഉയർന്ന ശബ്ദത്തിൽ ഡസിബൽ മ്യൂസിക് വച്ചതാണ് സംഘർഷത്തിന് കാരണമായത്. ഇതിനെ എതിർത്ത ഒരുകൂട്ടം നാട്ടുകാർ ഘോഷയാത്ര തടയുകയായിരുന്നു.
വാക്കേറ്റം രൂക്ഷമാകുകയും കയ്യാങ്കളിയിലെത്തുകയുമായിരുന്നു. ട്ടക്കിന്റെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ഖിലാരി ഋഷികേശ് ദ്യാൻഡിയോ ഉൾപ്പെടെ നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു.
ജനക്കൂട്ടത്തെ പിരിച്ചുവിടാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും പോലീസ് നേരിയ ലാത്തി ചാർജ് നടത്തി. ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാൻ അധികൃതർ സിസിടിവി, ഡ്രോൺ, മൊബൈൽ ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചുവരികയാണ്.