ഭോപ്പാൽ: സർക്കാർ ജോലി നഷ്ടപ്പെടുമോയെന്ന ഭയത്താൽ മാതാപിതാക്കൾ ജനിച്ചയുടൻ കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ചു. മധ്യപ്രദേശിലെ ചിന്ദ്‌വാരയിലാണു സംഭവം. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ഗ്രാമീണരാണ് കൊടും തണുപ്പിൽ ദേഹമാസകലം ഉറുമ്പുകളുടെ കടിയേറ്റ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയത്.
മധ്യപ്രദേശിൽ 2 കുട്ടികളിൽ കൂടുതലുള്ളവർക്ക് സർക്കാർ ജോലിക്ക് വിലക്കുണ്ട്. നിലവിൽ മൂന്നു കുട്ടികളുള്ള ദമ്പതികൾ നാലാമത്തെ കുഞ്ഞിന്റെ ഗർഭധാരണം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. സർക്കാർ സ്കൂളിലെ അധ്യാപകനായ ബബ്ലു ദണ്ഡോലിയയും ഭാര്യ രാജ്കുമാരി ദണ്ഡോലിയും.
അതേസമയം സെപ്തംബർ 23ന് വീട്ടിൽവച്ചാണ് രാജ്കുമാരി കുഞ്ഞിന് ജന്മം നൽകുന്നത്. മണിക്കൂറുകൾക്കകം തന്നെ ഇവർ ശിശുവിനെ കാട്ടിൽ ഒരു കല്ലിനടിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിറ്റേന്ന് പ്രഭാത സവാരിക്കെത്തിയവർ കുഞ്ഞിന്റെ ശബ്ദം കേട്ടപ്പോൾ ഏതോ മൃഗമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും അടുത്തു ചെന്നപ്പോൾ കൈകൾ കാണുകയായിരുന്നു. ചോരപുരണ്ട്, ഉറുമ്പു കടിച്ച പാടുകളോടെയും തണുത്ത്, ശരീര താപനില കുറഞ്ഞ അവസ്ഥയിലുമാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. അപകടനില തരണം ചെയ്തെന്നും, കുട്ടി രക്ഷപ്പെട്ടത് അത്ഭുതമാണെന്നും ഡോക്ടർമാർ പറഞ്ഞു.