ആലപ്പുഴ: ശബരിമല വിഷയത്തിൽ സർക്കാരിനെ അനുകൂലിക്കുന്ന നിലപാടെടുത്തതോടെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരായ പോസ്റ്റർ പ്രതിഷേധം കൂടുതൽ ശക്തിയാർജിക്കുന്നു. ആലപ്പുഴയിലും പത്തനംതിട്ടയിലുമാണ് ഇന്ന് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്.
പത്തനംതിട്ട തിരുവല്ല പെരിങ്ങര എൻഎസ്എസ് കരയോഗത്തിന് സമീപവും പെരിങ്ങര ജംഗ്ഷനിലും ബാനർ സ്ഥാപിച്ചിട്ടുണ്ട്. പെരിങ്ങര ലക്ഷ്മി നാരായണ ക്ഷേത്ര ജംഗ്ഷനിലും ബാനർ വെച്ചിട്ടുണ്ട്. സേവ് നായർ ഫോറത്തിന്റെ പേരിലാണ് ബാനർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിന്നിൽ നിന്ന് കാലുവാരിയ പാരമ്പര്യം നല്ല നായർക്കില്ല, ശബരിമല അയ്യപ്പ സ്വാമിയുടെ ആചാര സംരക്ഷണത്തിന് അണിനിരന്ന ആയിരങ്ങളെ അപമാനിച്ച സമുദായ വഞ്ചകൻ രാജിവെക്കുക എന്നീ വാചകങ്ങളാണ് ബാനറിൽ ഉള്ളത്.
ആലപ്പുഴയിൽ നൂറനാട് പണയിൽവിലാസം കരയോഗത്തിന് മുന്നിലാണ് ബാനർ പ്രത്യക്ഷപ്പെട്ടത്. സ്വന്തം കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെയും എൻഎസ്എസിനേയും പിന്നിൽ നിന്ന് കുത്തിയെന്നും ജനറൽസെക്രട്ടറി സ്ഥാനത്തുനിന്നും അദ്ദേഹം രാജിവെക്കണമെന്നും ഈ ബാനറിൽ എഴുതിട്ടുണ്ട്.