ലേ: ലഡാക്കിനു സംസ്ഥാന പദവിയും സ്വയംഭരണവും ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ സോനം വാങ്ചുക്കിനു പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. വാങ്ചുക്ക് പാക് മാധ്യമമായ ഡോൺ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും കേന്ദ്രവുമായുള്ള സംസ്ഥാന പദവി ചർച്ചകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ലഡാക്ക് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) എസ്.ഡി. സിങ് ജംവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതുപോലെ വാങ്ചുക്കുമായി ബന്ധമുള്ള പാക്കിസ്ഥാൻ രഹസ്യ ഏജന്റിനെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ‘‘വാങ്ചുക്ക് പാക്കിസ്ഥാനിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. ബംഗ്ലദേശും സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാര്യത്തിൽ ദുരൂഹതയുണ്ട്. അതിർത്തിക്കപ്പുറത്തു നിന്ന് വിവരങ്ങൾ കൈമാറുന്ന മറ്റൊരാളെ കണ്ടെത്തിയിട്ടുണ്ട്. ആ വ്യക്തിയെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ 24ന് ലേയിൽ അക്രമണങ്ങൾക്ക് നേതൃത്വം നൽകിയത് വാങ്ചുക്കാണ്. അറബ് വസന്തം, നേപ്പാൾ, ബംഗ്ലദേശ് എന്നിവയെക്കുറിച്ച് ജനങ്ങളോട് ഇയാൾ സംസാരിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിനു ലഭിച്ച വിദേശ ധനസഹായങ്ങളെ കുറിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്’’ – ഡിജിപി സിങ് ജംവാൾ പറഞ്ഞു.
അതേസമയം അറസ്റ്റിലായ വാങ്ചുക്കിനെ രാജസ്ഥാനിലെ ജോധ്പുരിലുള്ള ഒരു കേന്ദ്രത്തിലേക്കാണ് മാറ്റിയിരിക്കുന്നത് എന്നാണ് വിവരം. നിലവിൽ ലേയിൽ കർഫ്യു ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുകയും ചെയ്തിരിക്കുകയാണ്. എന്നും ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നു മണി വരെ കർഫ്യുവിൽ ഇളവ് നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും സിങ് ജംവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.