വാഷിങ്ടണ്‍: പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായും സൈനിക മേധാവി അസിം മുനീറുമായും കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാഴാഴ്ച ഓവല്‍ ഓഫീസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. പാക് പ്രധാനമന്ത്രിയും സൈനികമേധാവിയും വൈറ്റ്ഹൗസ് സന്ദര്‍ശിക്കുന്നതിന് മുന്‍പ് ട്രംപ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇരുവരെയും ‘മഹാൻമാരായ നേതാക്കളെ’ന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
വൈറ്റ്ഹൗസില്‍ വ്യാഴാഴ്ച വൈകുന്നേരം 4.52 ഓടെയാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറുമെത്തിയത്. ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ ഇരുവര്‍ക്കും ഒരുമണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നതായും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. മെയ് മാസത്തില്‍ ഇന്ത്യ-പാക് സംഘര്‍ഷം അവസാനിച്ചതിന് ക്രെഡിറ്റ് ട്രംപിന് പാകിസ്താന്‍ നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വര്‍ഷങ്ങൾക്കുശേഷം പാകിസ്താന്‍-അമേരിക്ക ബന്ധത്തിൽ പുരോഗതിയുണ്ടായത്.
അതേസമയം, ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കാന്‍ കാരണക്കാരന്‍ താനാണെന്ന ട്രംപിന്റെ അവകാശവാദത്തെ ഇന്ത്യ തള്ളിയിരുന്നു.
ജൂണില്‍ പാക് സൈനിക മേധാവി അസിം മുനീര്‍ വൈറ്റ്ഹൗസ് സന്ദര്‍ശിച്ചിരുന്നു. വ്യാപാരം, സാമ്പത്തിക വികസനം, ക്രിപ്‌റ്റോ കറന്‍സി എന്നിവയെ പറ്റി ഇരുവരും തമ്മില്‍ ജൂണില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഓഗസ്റ്റില്‍ വീണ്ടും അസിം മുനീര്‍ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ അമേരിക്കയുടെ 500 മില്ല്യണ്‍ യു.എസ് ഡോളറിന്റെ നിക്ഷേപം പാകിസ്താന്‍ നേടി.