.ലഖ്‌നൗ: ലഹരിക്ക് അടിമയായതിനെ തുടർന്ന് ഡി അഡിക്ഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റിൽ നിന്നും നീക്കം ചെയ്തത് സ്പൂണും ടൂത്ത്ബ്രഷുമടക്കമുള്ളവ. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഒരു ലഹരിവിമുക്ത കേന്ദ്രത്തിലാണ് സംഭവം. കുടുംബം ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റിയതോടെ സച്ചിൻ എന്ന യുവാവ് സ്പൂണുകളും ടൂത്ത് ബ്രഷുകളും കഴിക്കുന്നത് ശീലമാക്കുകയായിരുന്നു.
ലഹരികേന്ദ്രത്തിലെത്തി ദിവസങ്ങൾക്ക് ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് നടത്തിയ ശസ്ത്രക്രിയയിലൂടെ, സച്ചിന്റെ വയറ്റിൽ നിന്ന് 29 സ്റ്റീൽ സ്പൂണുകൾ, 19 ടൂത്ത് ബ്രഷുകൾ, രണ്ട് പേനകൾ എന്നിവ പുറത്തെടുത്തു.
അതുപോലെ ലഹരിവിമുക്ത കേന്ദ്രത്തിൽ രോഗികൾക്ക് നൽകിയിരുന്ന കുറഞ്ഞ അളവിലുള്ള ഭക്ഷണവും ഇയാളെ പ്രകോപിപ്പിച്ചുവെന്നാണ് പറയപ്പെടുന്നത്. ‘ഞങ്ങൾക്ക് വളരെ കുറച്ച് പച്ചക്കറികളും ഏതാനും ചപ്പാത്തികളും മാത്രമേ ലഭിച്ചിരുന്നുള്ളൂ. വീട്ടിൽ നിന്ന് എന്തെങ്കിലും എത്തിച്ചാൽ, മിക്കതും ഞങ്ങളുടെ കയ്യിലെത്തില്ലായിരുന്നു. ചിലപ്പോൾ ഒരു ദിവസം ഒരു ബിസ്‌ക്കറ്റ് മാത്രമാണ് കിട്ടിയിരുന്നത്’ സച്ചിൻ പറഞ്ഞു.
ഇതിൽ രോഷാകുലനായ സച്ചിൻ സ്റ്റീൽ സ്പൂണുകൾ മോഷ്ടിച്ച് കുളിമുറിയിൽ പോയി അവ കഷണങ്ങളാക്കി ഒടിച്ച് വായിലിട്ട് തൊണ്ടയിലൂടെ താഴേക്ക് തള്ളിയിറക്കും. ചിലപ്പോൾ വെള്ളം കുടിച്ചാണ് ഇത് ചെയ്തിരുന്നതെന്നും അധികൃതർ പറയുന്നു.
ഇതിനിടെ വയറുവേദന അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. എക്‌സ്-റേ, സിടി സ്‌കാനുകളിൽ വയറ്റിൽ സ്പൂണുകളും ടൂത്ത് ബ്രഷുകളും പേനകളുമുള്ളതായി കണ്ടെത്തി. എൻഡോസ്‌കോപ്പിയിലൂടെ വസ്തുക്കൾ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും, വയറ്റിൽ അത്രയധികം സാധനങ്ങൾ ഉണ്ടായിരുന്നതിനാൽ ആ ശ്രമം പരാജയപ്പെട്ടു. ‘മാനസിക പ്രശ്‌നങ്ങളുള്ളവരിൽ ഇത്തരം പ്രവണതകൾ സാധാരണയായി കാണാറുണ്ടെന്ന്’ സച്ചിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ആശുപത്രിയിലെ ഡോക്ടർ ശ്യാം കുമാർ പറഞ്ഞു.