യുഎൻ: പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഔദ്യോഗികമായി ഹമാസിന് നൽകുന്ന വലിയൊരു പാരിതോഷികമായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. യുഎസിന്റെ സഖ്യകക്ഷികളായ ബ്രിട്ടണും ഫ്രാൻസുമടക്കമുള്ള രാജ്യങ്ങൾ പലസ്തീൻ രാഷട്രത്തെ അംഗീകരിച്ച് പ്രഖ്യാപനം നടത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ പരാമർശം. യുഎൻ പൊതുസഭയിൽ സംസാരിക്കവെയാണ് ട്രംപ് അക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അതേസമയം ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനും വെടിനിർത്തലിനും വേണ്ടിയുള്ള തന്റെ ആഹ്വാനവും അദ്ദേഹം ആവർത്തിച്ചു. സംഘർഷം തുടരാൻ പ്രോത്സാഹിപ്പിക്കുന്നതുപോലെ, ഈ സഭയിലെ ചിലർ ഏകപക്ഷീയമായി ഒരു പലസ്തീൻ രാഷ്ട്രത്തെ അംഗീകരിപ്പിക്കാൻ ശ്രമിക്കുകയാണ്. ഹമാസ് ഭീകരർക്ക് അവരുടെ ക്രൂരതകൾക്ക് ലഭിക്കുന്ന വലിയ പ്രതിഫലമായിരിക്കും ഇതെന്നും ട്രംപ് പറഞ്ഞു. ബ്രിട്ടനും കാനഡയും ഓസ്‌ട്രേലിയയും പോർച്ചുഗലും പലസ്തീനെ അംഗീകരിച്ചതിനു പിന്നാലെ ഫ്രാൻസും ഇന്നലെ പലസ്തീനെ അംഗീകരിച്ച് പ്രഖ്യാപനം നടത്തിയിരുന്നു.
ബന്ദികളെ വിട്ടയക്കാനോ വെടിനിർത്തൽ അംഗീകരിക്കാനോ അവർ വിസമ്മതിക്കുമ്പോൾ പോലും, പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ‘ഒക്ടോബർ എഴ് ഉൾപ്പെടെയുള്ള ഭീകരമായ ക്രൂരതകൾക്കുള്ള പ്രതിഫലമായിരിക്കും. ബന്ദികളെ ജീവനോടെയോ അല്ലാതെയോ മോചിപ്പിക്കുന്നതിന് പിന്നിൽ ഒന്നിക്കണമെന്ന് യുഎസ് പ്രസിഡന്റ് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. സമാധാനം ആഗ്രഹിക്കുന്നവർ ബന്ദികളുടെ മോചനത്തിനായി ഒന്നിച്ചുനിന്ന് ആവശ്യപ്പെടണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ‘പരമാധികാരവും സുരക്ഷയും’ പ്രതിരോധിക്കാനുള്ള ഒരു സംവിധാനമായാണ് യുഎസ് താരിഫ് നയം ഉപയോഗിക്കുന്നതെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. ‘ഞങ്ങൾ എല്ലാ രാജ്യങ്ങളുമായും ശക്തമായ വ്യാപാരവും വാണിജ്യവും ആഗ്രഹിക്കുന്നു. ഞങ്ങൾ രാജ്യങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നു, സഹായിക്കുകയും ചെയ്യും. എന്നാൽ അത് ന്യായവും പരസ്പരം പ്രയോജനപരവും ആയിരിക്കണം. ‘നിയമങ്ങൾ ലംഘിച്ച രാജ്യങ്ങൾ, വ്യാപാര നിയമങ്ങൾ പാലിച്ച രാജ്യങ്ങൾക്ക് പ്രതികൂലമായി മാറി. ‘അതുകൊണ്ടാണ് യുഎസ് ഇപ്പോൾ മറ്റ് രാജ്യങ്ങൾക്ക് മേൽ താരിഫ് ചുമത്തുന്നത്. വർഷങ്ങളോളം ഇതേ താരിഫുകൾ ഞങ്ങൾക്ക് മേൽ ചുമത്തിയിരുന്നത് പോലെ തന്നെ, ഞങ്ങൾ താരിഫുകളെ ഒരു പ്രതിരോധ സംവിധാനമായി ഉപയോഗിച്ചു’ ട്രംപ് പറഞ്ഞു.
അതേസമയം കുടിയേറ്റം തടയുന്നതിനുള്ള സ്വന്തം ശ്രമങ്ങളെയും ട്രംപ് പ്രശംസിച്ചു. യൂറോപ്യൻ രാജ്യങ്ങളിലേതടക്കമുള്ള വിദേശ നേതാക്കൾ അത് സ്വീകരിക്കുന്നതാണ് ബുദ്ധിയെന്ന് അദ്ദേഹം പറഞ്ഞു. അല്ലെങ്കിൽ, ‘നിങ്ങളുടെ രാജ്യങ്ങൾ നശിപ്പിക്കപ്പെടും’ എന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യൂറോപ്പ് ഗുരുതരമായ പ്രശ്നത്തിലാണെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി അന്യരാജ്യങ്ങളിൽ നിന്ന് ആളുകൾ ഒഴുകിയെത്തുന്നുവെന്നും അത് തടയാൻ അവർ ഒന്നും ചെയ്യുന്നില്ലെന്നും കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് കൊണ്ട് ട്രംപ് കൂട്ടിച്ചേർത്തു. ഉടനടി എന്തെങ്കിലും ചെയ്തില്ലെങ്കിൽ പടിഞ്ഞാറൻ യൂറോപ്പിന്റെ മരണമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.