ബെംഗളൂരു: ദസറ ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കുന്നതിനിടെ സദസ്സിനോട് പൊട്ടിത്തെറിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. താൻ സംസാരിക്കുന്നതിനിടെ സദസ്സിൽ നിന്നും ചിലർ എഴുന്നേറ്റു പോകാൻ ശ്രമിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
വേദിയിൽ നിന്ന് സദസ്സിലിരിക്കുന്നവരെ ചൂണ്ടി സിദ്ധരാമയ്യ സംസാരിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ കാണാം. ‘‘നിങ്ങൾക്ക് അൽപ്പനേരം ഇരിക്കാൻ പറ്റില്ലേ ? ഇരിക്കൂ. അത് ആരാണ് ? ഞാൻ ഒരിക്കൽ പറഞ്ഞാൽ, നിങ്ങൾക്ക് മനസിലാവില്ലേ ? നിങ്ങൾ എന്തിനാണ് ഇവിടെ വന്നത് ? നിങ്ങൾ വീട്ടിൽ തന്നെ ഇരിക്കണമായിരുന്നു’’ – സിദ്ധരാമയ്യ ദേഷ്യത്തിൽ പറഞ്ഞു.
സദസ്സിലുള്ളവരെ പോകാൻ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. ‘‘പൊലീസ്, അവരെ പോകാൻ അനുവദിക്കരുത്. നിങ്ങൾക്ക് അര മണിക്കൂറോ ഒരു മണിക്കൂറോ ഇരിക്കാൻ പറ്റില്ലേ ? പിന്നെ എന്തിനാണ് നിങ്ങൾ ഈ ചടങ്ങിൽ പങ്കെടുക്കുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു.