ഇസ്‌ലാമാബാദ്: താലിബാൻ ഭീകര ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് പാക് ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ പാക്കിസ്ഥാൻ വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ആക്രമണം. തിറ താഴ്‌വരയിലുള്ള മത്രെ ദാര ഗ്രാമത്തിൽ പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിക്കുകയും ഇത് കൂട്ടക്കൊലയ്ക്ക് വഴിവയ്ക്കുകയുമായിരുന്നു. മരിച്ചവരിൽ കൂടുതലും കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റുവെന്ന് പാക് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ട്.
ഇതിനോടകം സ്ഫോടനത്തിൽ കുട്ടികളടക്കമുള്ള നിരവധി മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ മൃതദേഹങ്ങൾക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നത് തുടരുകയാണ്. ബോംബ് സ്‌ഫോടനങ്ങളിൽ ഗ്രാമത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും നശിച്ചു. താലിബാൻ ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ വ്യോമസേന ബോംബിട്ടതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായ ഗ്രാമവാസികളാണ്.
അതേസമയം ഭീകരർക്കെതിരെയെന്ന പേരിൽ മുൻപും ഖൈബർ പഖ്തൂൻഖ്വയിൽ പാക്കിസ്ഥാൻ സൈന്യം ബോംബാക്രമണം നടത്തിയിട്ടുണ്ട്. ഈ വർഷം ആദ്യവും ജൂണിലും ഖൈബർ പഖ്തൂൻഖ്വയിൽ ആവർത്തിച്ചുള്ള ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു. പാക്കിസ്ഥാനിലെ സിവിലിയൻ ജീവിതത്തോടുള്ള ഭയാനകമായ അവഗണനയുടെ സൂചനയാണ് ഖൈബർ പഖ്തൂൻഖ്വയിലെ ആക്രമണങ്ങളെന്ന് ആംനസ്റ്റി ഇന്റർനാഷ്നൽ ആരോപിച്ചിരുന്നു.