ആലപ്പുഴ: കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽവെച്ചാണ് 15 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. 15 ബാറ്റുകളിലായാണ് കഞ്ചാവ് കുത്തിനിറച്ചുവച്ചിരുന്നത്. സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശിയായ റബീഹുൾ ഹക്ക് എന്നയാളാണ് അറസ്റ്റിലായത്. വിവേക് എക്‌സ്പ്രസിലാണ് കഞ്ചാവ് നിറച്ച ബാറ്റുകളുമായി ഇയാൾ ചെങ്ങന്നൂരിൽ എത്തിയത്.
അന്യസംസ്ഥാനങ്ങളിൽനിന്നും കളിപ്പാട്ടം വിൽപനയ്ക്കായി എത്തുന്നയാൾ എന്ന തരത്തിലാണ് ഇയാൾ പോലീസിനോട് സംസാരിച്ചത്. എന്നാൽ ഇയാളുടെ പക്കൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് ബാറ്റുകളുടെ അസാധാരണ ഭാരമാണ് പോലീസിന്റെ സംശയം ബലപ്പെടുത്തിയത്. റെയിൽവേ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അതേസമയം ഒഡീഷയിൽനിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നത്. റെയിൽവേ പോലീസും റെയിൽവേ ഇന്റലിജൻസും എക്‌സൈസും ചേർന്ന് സംയുക്തമായാണ് പരിശോധന നടത്തിയത്. പ്ലാസ്റ്റിക് ബാറ്റിന്റെ പൊള്ളയായ ഉൾഭാഗത്താണ് കഞ്ചാവ് നിറച്ചിരുന്നത്. ബാറ്റിന്റെ പിടിയിലൂടെയും വശങ്ങൾ കീറിയുമാണ് ബാറ്റിനുള്ളിൽ കഞ്ചാവ് നിറച്ചിരുന്നത്. തുടർന്നു ബാറ്റിന്റെ വശങ്ങൾ സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചിരുന്നു.
ഇയാൾ ഒറ്റയ്ക്കാണോ, മറ്റ് സ്‌റ്റേഷനുകളിലും ഇത്തരം ആൾക്കാർ ഇറങ്ങിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഓണം അടക്കമുള്ള വിശേഷദിവസങ്ങൾ കണക്കുകൂട്ടിയാണ് കഞ്ചാവ് കേരളത്തിലേക്ക് കൊണ്ടുവന്നത് എന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഈ സാഹചര്യം കണക്കിലെടുത്ത് പോലീസും എക്‌സൈസും റെയിൽവേ പോലീസും സംസ്ഥാനത്ത് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.