പട്ന: വോട്ട് കൊളള നടത്തി ഇനിയും അമ്പത് വര്‍ഷം ഇന്ത്യ ഭരിക്കാമെന്നാണ് ബിജെപി കരുതുന്നതെന്നും എന്നാല്‍ ബീഹാറിലെ ജനത അതിന് അനുവദിക്കരുതെന്നും രാഹുല്‍ഗാന്ധി. ബിഹാറില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയുടെ പത്താംദിനം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. രാജ്യത്ത് ഇനിയും അധികാരം പിടിക്കാമെന്നാണ് അവര്‍ കരുതുന്നതെന്നും ബിഹാറിലെ ജനങ്ങള്‍ അത് തിരിച്ചറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യാത്രയില്‍ രാഹുലിനൊപ്പം സഹോദരിയും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധിയുമുണ്ടായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് അമ്മമാരുടെ സ്വര്‍ണം കൊളളയടിക്കുന്നു എന്ന് ആരോപിച്ച മോദി ഇപ്പോള്‍ അവരുടെ വോട്ട് മോഷ്ടിക്കുകയാണെന്നും ജനങ്ങളുടെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ കൊളളയടിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. പൗരാവകാശങ്ങള്‍ കൊളളയടിക്കാന്‍ ആരെയും അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അടുത്ത ദിവസങ്ങളില്‍ വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമാവും. സെപ്റ്റംബര്‍ ഒന്നിന് പട്നയില്‍ നടക്കുന്ന മഹാറാലിയോടെയാണ് വോട്ടര്‍ അധികാര്‍ യാത്ര അവസാനിക്കുക. ഈ വര്‍ഷം അവസാനമാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.