പാലക്കാട്: പോലീസുകാർക്ക് മധ്യത്തിൽ നിന്ന് കൊലവിളിയുമായി പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമര. തന്റെ കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്നും അവരേയും താൻ തൊലയ്ക്കുമെന്നുമായിരുന്നു ചെന്താമരയുടെ കൊലവിളി. ചെന്താമരയുടെ ആദ്യത്തെ കൊലപാതകക്കേസായ സജിത വധക്കേസിന്റെ വിചാരണയ്ക്ക് കോടതിയിൽ എത്തിച്ചപ്പോഴാണ് കൊലവിളി.
അതേസമയം ചെന്താമരയുടെ ഭാര്യ വ്യാഴാഴ്ചയാണ് കോടതിയിൽ മൊഴി രേഖപ്പെടുത്താൻ എത്തിയത്. വ്യക്തി വൈരാഗ്യത്തെത്തുടർന്ന് ജനുവരി 27നായിരുന്നു പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. 2019ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സജിതയുടെ ഭർത്താവ് സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നിൽ നിന്ന് അകലാൻ കാരണമെന്നും ഇയാൾ വിശ്വസിച്ചിരുന്നു.
ഇതോടെ ഇവരുമായി വൈരാഗ്യത്തിലായിരുന്നു ചെന്താമര. തുടർന്നാണ് സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. വീട്ടിൽ അതിക്രമിച്ചെത്തിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലയ്ക്ക് ശേഷം നെല്ലിയാമ്പതി കാട്ടിലേക്ക് ഓടിയൊളിച്ച ചെന്താമര ദിവസങ്ങൾക്ക് ശേഷമാണ് പിടിയിലാകുന്നത്. ഇതിന് ശേഷം ഇയാൾ ജാമ്യവ്യവസ്ഥ ലംഘിച്ചാണ് നെന്മാറയിലെത്തി മറ്റു രണ്ട് കൊലപാതകങ്ങൾ കൂടി നടത്തിയത്. അതേസമയം കോടതി വരാന്തയിലെ സംഭവങ്ങൾ പ്രതി പുറത്തിറങ്ങിയാൽ എന്തൊക്കെ ചെയ്യുമെന്നുള്ളതിനുള്ള തെളിവുകളായിരുന്നു.