ടെഹ്റാൻ: ഇറാനിൽ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാൻ സഹായിക്കാമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാഗ്ദാനത്തെ പരിഹസിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ഗാസയിൽ പാലസ്തീനികൾക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഇസ്രയേലിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നു പെസെഷ്‌കിയാൻ ‘എക്സി’ലൂടെ പറഞ്ഞു.
‘ഗാസയിലെ ജനങ്ങൾക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഒരു ഭരണകൂടമാണോ ഇറാനിലേക്ക് വെള്ളം കൊണ്ടുവരുന്നത്? അതു ഒരു ദിവാസ്വപ്നം, അതിൽ കൂടുതലൊന്നുമില്ല.’ അദ്ദേഹം പറഞ്ഞു. അവർ ഇറാനിലെ ജനങ്ങളോട് കപടമായ അനുകമ്പ കാണിക്കുകയാണെന്ന് ടെഹ്റാനിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ പെസെഷ്‌കിയാൻ പറഞ്ഞു.
ആദ്യം ഗാസയിലെയും അവിടത്തെ നിസ്സഹായരായ ജനങ്ങളുടെയും ദുരവസ്ഥയിലേക്ക് കണ്ണുതുറന്നു നോക്കൂ. പ്രത്യേകിച്ച് പട്ടിണി, കുടിവെള്ളത്തിന്റെയും മരുന്നിന്റെയും അഭാവം, ഭരണകൂടത്തിന്റെ ക്രൂരമായ ഉപരോധം എന്നിവ കാരണം ബുദ്ധിമുട്ടുന്നവരെ കാണൂ എന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇപ്പോഴത്തെ സർക്കാരിൽനിന്ന് ഇറാൻ ‘സ്വതന്ത്രമാകുമ്പോൾ’ രാജ്യത്തെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാൻ ഇസ്രയേൽ സഹായിക്കുമെന്ന് നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെ ഇറാനികളെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു.
കഴിഞ്ഞ ജൂണിൽ ഇറാനിൽ ഇസ്രയേൽ നടത്തിയ തുടർച്ചയായ വ്യോമാക്രമണങ്ങളിൽ സൈനിക മേധാവികൾ ഉൾപ്പെടെ ആയിരത്തോളം പേർ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ തിരിച്ചടിയിൽ ഇസ്രയേലിൽ 28 പേരും കൊല്ലപ്പെട്ടു. അതേസമയം വർഷങ്ങളായുള്ള വരൾച്ചയും ജലത്തിന്റെ കാര്യക്ഷമമല്ലാത്ത പരിപാലനവും മൂലം ഇറാൻ കടുത്ത ജലപ്രതിസന്ധിയാണ് നേരിടുന്നത്. ഗുരുതരവും ചിന്തിക്കാനാകാത്ത തരത്തിലുള്ള പ്രതിസന്ധിയിലാണ് ഇറാനെന്ന് പെസെഷ്‌കിയാൻ നേരത്തേ പറഞ്ഞിരുന്നു.