ബെംഗളൂരു: ദക്ഷിണ കന്നടയിലെ ധർമ്മസ്ഥലയിൽ നടന്നുവെന്ന് പറയപ്പെടുന്ന കൂട്ട ബലാത്സംഗ-കൊലപാതകത്തിൽ നിർണായ വെളിപ്പെടുത്തലുമായി സാക്ഷി. 13 സ്ഥലങ്ങളിൽ ഒരിടത്ത് മാത്രം താൻ 70-80 മൃതദേഹങ്ങൾ കുഴിച്ചിട്ടുണ്ടെന്ന് ഇയാൾ ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറയുന്നു. വനപ്രദേശങ്ങളിൽ മൃതദേഹങ്ങൾ എങ്ങനെയാണ് കുഴിച്ചിട്ടതെന്നും ഇയാൾ വെളിപ്പെടുത്തി.
പതിമൂന്നാം നമ്പർ സ്ഥലത്തുമാത്രം താൻ തനിച്ച് 70-80 മൃതദേഹങ്ങൾ കുഴിച്ചിട്ടതായി സാക്ഷി പറയുന്നു. മറ്റ് മൃതദേഹങ്ങൾ കുന്നിൻ പ്രദേശങ്ങളിലാണ് മറവുചെയ്തതെന്നും വെളിപ്പെടുത്തൽ. തനിക്കു ക്ഷേത്ര മാനേജ്‌മെന്റിൽ നിന്ന് നേരിട്ടാണ് നിർദ്ദേശങ്ങൾ വന്നത്. മൃതദേഹങ്ങൾ ഒരിക്കലും ശ്മശാനങ്ങളിൽ കുഴിച്ചിട്ടിട്ടില്ല. പല മൃതദേഹങ്ങളിലും ലൈംഗികാതിക്രമം നടന്നതിന്റെ വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.
തങ്ങളുടെ സംഘം ഏകദേശം 100 മൃതദേഹങ്ങൾ കുഴിച്ചിട്ടു, അതിൽ 90 എണ്ണവും സ്ത്രീകളുടേതായിരുന്നുവെന്നും സാക്ഷി പറഞ്ഞു. സംഭവത്തിൽ ക്ഷേത്ര മാനേജർ തന്നെ നേരിട്ട് വിളിച്ചിരുന്നില്ല. വിവരങ്ങളുമായി ഒരു റൂം ബോയിയെ തന്റെ അടുത്തേക്ക് അയക്കുകയായിരുന്നു പതിവ്. പകൽസമയത്ത് തങ്ങൾ മൃതദേഹങ്ങൾ കുഴിച്ചിടുന്നത് നാട്ടുകാർ കണ്ടിരുന്നു. എന്നാൽ ആരും തടയുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല- സാക്ഷി ആരോപിച്ചു.
അതേസമയം മൃതദേഹങ്ങളിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചെന്നും ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നുമുള്ള ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. ക്ഷേത്രത്തിന്റെ പേരിന് കളങ്കം വരുത്തിയിട്ട് തനിക്ക് എന്ത് കിട്ടാനാണെന്നും താൻ ഒരു ഹിന്ദുവാണെന്നും ഇയാൾ ചോദിച്ചു. ചെയ്ത പ്രവൃത്തികൾ വേട്ടയാടാൻ തുടങ്ങിയപ്പോൾ കുറ്റബോധം തോന്നിയെന്നും അസ്ഥികൂടങ്ങളെക്കുറിച്ച് സ്വപ്നം കാണാറുണ്ടായിരുന്നുവെന്നും 10 വർഷത്തിന് ശേഷം എന്തിനാണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയതെന്ന ചോദ്യത്തിന് സാക്ഷി പ്രതികരിച്ചു.
രണ്ട് ദശാബ്ദക്കാലത്തിനിടയിൽ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ ഉൾപ്പെടെ കുഴിച്ചിടാൻ മേലുദ്യോഗസ്ഥർ നിർബന്ധിച്ചതായി ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയതോടെയാണ് ധർമ്മസ്ഥല കേസ് പുറത്തുവന്നത്. രാജ്യത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുകൾ പൊതുജനരോഷത്തിന് കാരണമായതോടെ വിഷയം അന്വേഷിക്കാൻ സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ഇതുവരെ 15 സ്ഥലങ്ങൾ കുഴിച്ച് പരിശോധിച്ചു. എന്നാൽ ആറാം നമ്പർ സ്ഥലത്ത് നിന്ന് മാത്രമാണ് മനുഷ്യന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.