മുംബൈ: തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വി.ഡി. സവര്‍ക്കര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ മാനനഷ്ടക്കേസ് പരിഗണിക്കവെയാണ് രാഹുല്‍ പുനെ കോടതിയില്‍ ഇക്കാര്യം പറഞ്ഞത്. തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളും തനിക്കെതിരായ മാനനഷ്ടക്കേസിൽ പരാതിക്കാരനായ സത്യകി സവർക്കറുടെ വംശപരമ്പരയും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ജീവന് ഭീഷണിയുണ്ടെന്ന് കോടതിയിൽ പറഞ്ഞത്. രാഹുല്‍ ഗാന്ധി സര്‍ക്കാറിന്‍റെ സംരക്ഷണം തേടിയതായും ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു. തന്റെ സുരക്ഷക്കും കേസിലെ നീതിക്കും ഗുരുതരമായ ആശങ്കകൾ ഉണ്ടെന്ന തന്‍റെ വാദം അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2023 മാർച്ചിൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി സവർക്കറുടെ രചനകൾ ഉദ്ധരിച്ച് സവർക്കറും കൂട്ടരും ഒരു മുസ്ലീം പുരുഷനെ ആക്രമിച്ചുവെന്നും അത് ആനന്ദകരമായിരുന്നെന്ന് വിശേഷിപ്പിക്കുകയും ചെയ്തുവെന്ന് പറഞ്ഞ് സത്യകി സവർക്കറാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സവർക്കറുടെ പ്രസിദ്ധീകരിച്ച കൃതികളിൽ അത്തരമൊരു വിവരണം നിലവിലില്ല എന്ന് സത്യകി സവർക്കർ പറഞ്ഞു. രാഹുലിന്‍റെ പരാമർശങ്ങൾ തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അപകീർത്തികരമാണെന്നും അദ്ദേഹം വാദിച്ചു.
ഐപിസി 500 വകുപ്പ് പ്രകാരം ഗാന്ധിയെ ശിക്ഷിക്കണമെന്നും സിആർപിസി 357 വകുപ്പ് പ്രകാരം നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ 10 ന് കോടതി ഈ കേസ് വീണ്ടും പരിഗണിക്കും. അഭിഭാഷകനായ മിലിന്ദ് ദത്താത്രേയ പവാർ മുഖേന സമർപ്പിച്ച അപേക്ഷയിൽ, അമ്മവഴി നാഥുറാം ഗോഡ്‌സെയുടെയും ഗോപാൽ ഗോഡ്‌സെയുടെയും പിൻഗാമിയാണ് സത്യകി സവര്‍ക്കറെന്ന് സമ്മതിച്ചതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലെ മുഖ്യപ്രതിയായിരുന്നു നാഥുറാം ഗോഡ്‌സെ. രാഹുൽ ഗാന്ധി ഉദ്ധരിച്ച സത്യകി സവർക്കറുടെ പ്രസ്താവന പ്രകാരം, വിനായക് ദാമോദർ സവർക്കറുടെ പരമ്പരയില്‍പ്പെട്ടയാണ് സത്യകി സവർക്കറെന്നും പറയുന്നു.
പരാതിക്കാരന്റെ വംശാവലി അക്രമപരവും ഭരണഘടനാ വിരുദ്ധവുമായ പ്രവണതകളുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് രാഹുൽ ഗാന്ധിയുടെ ഹർജിയിൽ പറയുന്നു. കോൺഗ്രസ് നേതാവിനെ ഉപദ്രവിക്കാനോ, തെറ്റായി പ്രതിചേർക്കാനോ, അല്ലെങ്കിൽ മറ്റുവിധത്തിൽ ലക്ഷ്യം വയ്ക്കാനോ സാധ്യതയുണ്ടെന്നും രാഹുല്‍ വാദിച്ചതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.