കണ്ണൂർ: കഴിഞ്ഞ 16 ദിവസമായി കിണറ്റിൽ നിന്നും പുറത്തെടുത്ത ആറുവയസുകാരനെ രക്ഷിക്കാനുള്ള പരിശ്രമത്തിലായിരുന്നു പരിയാരം മെഡിക്കൽ കോളെജിലെ ഡോക്ടർമാർ. എന്നാൽ ആ പരിശ്രമങ്ങളെയെല്ലാം വിഫലമാക്കി ധനേഷ്-ധനജ ദമ്പതികളുടെ ആറ് വയസുകാരൻ മകൻ ധ്യാൻ കൃഷ്ണ യാത്രയായി. കണ്ണൂർ ശ്രീസ്ഥയിൽ മക്കളുമായി യുവതി കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന മൂത്ത കുട്ടിയാണ് മരിച്ചത്.
ഭർതൃ മാതാവുമായുള്ള വഴക്കിൽ ജൂലായ് 25 നായിരുന്നു ധനജ രണ്ട് കുട്ടികളുമായി കിണറിലേക്ക് ചാടിയത്. അമ്മയും 4 വയസുകാരിയും അപകട നില തരണം ചെയ്തിരുന്നു. ഭർത്താവിന്റെ വീട്ടുകാരുമായി ഉണ്ടായ തർക്കത്തെ തുടർന്ന് യുവതി ആറും നാലും വയസുള്ള കുട്ടികളുമായി കിണറ്റിൽ ചാടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് മൂന്നു പേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്. പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആറു വയസുകാരന്റെ നില ഗുരുതരമായിരുന്നു. നാലു വയസുകാരിയും യുവതിയും നിരീക്ഷണത്തിൽ തുടരുകയായിരുന്നു. ഭർതൃ മാതാവിനെതിരെ രണ്ട് മാസം മുമ്പാണ് യുവതി പരിയാരം പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഭർതൃമാതാവ് ശ്യാമളയുടെ പേരിൽ പരിയാരം പോലീസ് കേസെടുത്തിരുന്നു.