തൃശൂർ: തൃശൂരിൽ അതിരപ്പിള്ളിയിൽ കനത്ത മഴ. രാത്രി നാല് മണിക്കൂർ തുടർച്ചയായി മഴ പെയ്തു. കനത്തമഴയുടെ പശ്ചാത്തലത്തിൽ അതിരപ്പള്ളിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് അതിരപ്പിള്ളി മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുമെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു.
മഴയിൽ അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ തോടിൽ നിന്നും റോഡിലേക്ക് വെള്ളം കയറി ചൂഴിൽമേട് ഭാഗത്താണ് വെള്ളക്കെട്ട് ഉണ്ടായത്. ഇതിനെ തുടർന്ന് മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. കെഎസ്ആർടിസി ബസ് അടക്കം വിനോദസഞ്ചാരികളുടെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി.
ഗതാഗതം പുനഃസ്ഥാപിച്ചു. അതേസമയം, സംസ്ഥാനത്ത് മഴ കനക്കുകയാണ്. അഞ്ച് ദിവസം അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്.
കേരളാ – കർണ്ണാടക ലക്ഷദ്വീപ് തീരത്ത് ഏഴാം തീയതിവരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള തീര പ്രദേശങ്ങളിൽ കടലാക്രമണത്തിനും സാധ്യതയുണ്ട്. തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിന്റെ അന്തരീക്ഷത്തിൽ പടിഞ്ഞാറൻ – വടക്ക് പടിഞ്ഞാറൻ കാറ്റും ശക്തമാണ്.
അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം
ഓറഞ്ച് അലർട്ട്
04/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
05/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
06/08/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
07/08/2025: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
03/08/2025: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
04/08/2025: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
05/08/2025: തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
06/08/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
07/08/2025: മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ത് (Mazha Kanathath)