ജിന്ദ്: പശു ഫാമിൽ നിർബന്ധിത ജോലിയെടുക്കുന്നതിനിടെ കൈ അറ്റു. 15കാരന് ചികിത്സ ലഭ്യമാക്കാതെ തൊഴിലുടമ മുങ്ങി. അറ്റ് തൂങ്ങിയ കയ്യുമായി സ്വന്തം വീട്ടിലേക്ക് മടങ്ങാനായി 15 കാരൻ നടന്നത് 150 കിലോമീറ്ററിലേറെ ദൂരം. ബീഹാർ സ്വദേശിയായ 15കാരന് മാസം പതിനായിരം രൂപ ശമ്പളമെന്ന വാഗ്ദാനം വീട്ടുകാർക്ക് നൽകിയാണ് ബിഹാറിൽ നിന്ന് ഹരിയാനയിലെ ജിന്ദിലെ പശു ഫാമിലെത്തിച്ചത്.
ബിഹാറിലെ കൃഷ്ണഗഞ്ച് സ്വദേശിയായ 15കാരനാണ് അസഹ്യമായ വേദന സഹിച്ച് വീട്ടിലേക്കെത്താൻ മറ്റു വഴിയില്ലാതെ റോഡിലൂടെ നടക്കാൻ ആരംഭിച്ചത്. പശു ഫാമിലെ ജോലിക്ക് വാഗ്ദാനം ചെയ്ത ശമ്പളം ലഭിച്ചില്ലെന്ന് മാത്രമല്ല സമയത്ത് ഭക്ഷണം പോലും കൗമാരക്കാരന് ലഭിച്ചിരുന്നില്ല. കുടുസുമുറിയിൽ ജോലി കഴിഞ്ഞാൽ കൗമാരക്കാരനെ പൂട്ടിയിടുകയായിരുന്നു തൊഴിലുടമയുടെ രീതി.
പശുക്കൾക്ക് തീറ്റ നൽകാനായി പുല്ല് യന്ത്ര സഹായത്തോടെ അരിയുന്നതിനിടയിലുണ്ടായ അപകടത്തിലാണ് കൗമാരക്കാരന്റെ കൈ അറ്റു തൂങ്ങിയത്. ഗുരുതര പരിക്കേറ്റ 15കാരന് ഫാമിലുണ്ടായിരുന്ന മരുന്നുകൾ നൽകി. ഇത് കഴിച്ച ശേഷം അബോധാവസ്ഥയിലായ കൗമാരക്കാരൻ ഉണർന്നത് ഒരു ഡിസ്പെൻസറിയിലായിരുന്നു. പോക്കറ്റിൽ കുറച്ച് പണവും വച്ചിട്ടുണ്ടായിരുന്നു. പിന്നീട് ഉറങ്ങിയ 15കാരന്റെ പണവും വസ്ത്രവും ആരോ തട്ടിയെടുത്തു. പിന്നാലെ തന്നെ ഡിസ്പെൻസറിയിൽ നിന്ന് പുറത്ത് പോകാൻ ജീവനക്കാർ ആവശ്യപ്പെട്ടതോടെ മറ്റ് വഴിയില്ലാതെ വന്നതോടെയാണ് 15കാരൻ ബീഹാറിലെ വീട്ടിലേക്ക് നടന്ന് തുടങ്ങിയത്. ആയിരം കിലോമീറ്ററിലേറെ ദൂരമാണ് ജിന്ദിൽ നിന്ന് കൃഷ്ണഗഞ്ചിലേക്കുള്ളത്.
150 കിലോമീറ്ററിലേറെ ഗുരുതര പരിക്കുമായി നടന്ന് നീങ്ങിയ കൗമാരക്കാരനെ നൂഹ് ജില്ലയിലെ തൗരുവിൽ വച്ചാണ് രണ്ട് അധ്യാപകർ ആശുപത്രിയിലെത്തിച്ചത്. ചെരിപ്പ് പോലുമില്ലാതെ അവശനായി വീണ് പോവുന്ന രീതിയിൽ നടന്ന് പോകുന്നത് കണ്ടതോടെയാണ് അധ്യാപകർ 15കാരനെ ശ്രദ്ധിക്കുന്നത്. അധ്യാപകർ 15കാരനെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലും പിന്നീട് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. നൂഹ് സാദർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കമാൽ സിംഗ് ആണ് 15കാരന് വസ്ത്രം നൽകിയത്. രണ്ടാഴ്ച പഴക്കമുള്ളതാണ് 15കാരന്റെ കയ്യിലെ പരിക്കെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. നിരവധി ദിവസങ്ങളായി മുറിവ് വൃത്തിയാക്കിയിരുന്നില്ലെന്നാണ് ആശുപത്രി അധികൃതർ പൊലീസിനോട് വിശദമാക്കിയത്.
ബീഹാറിലെ സീമാഞ്ചൽ മേഖലയിൽ നിന്നുള്ള കൗമാരക്കാരനുമായി ആശയ വിനിമയം നടത്താൻ പൊലീസിന് ഏറെ പണിപ്പെടേണ്ടി വന്നിരുന്നു. കൃഷ്ണഗഞ്ചാണ് സ്വദേശമെന്ന് വ്യക്തമായതോടെ നൂഹ് പൊലീസ് കൃഷ്ണ ഗഞ്ച് പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. പിന്നാലെ കൗമാരക്കാരന്റെ ബന്ധുക്കളെ പൊലീസ് വിവരം അറിയിക്കുകയായിരുന്നു. കൈതലിൽ ദിവസ വേതനക്കാരായ കൗമാരക്കാരന്റെ സഹോദരനും ബന്ധുക്കളുമെത്തിയാണ് 15കാരനെ റോഹ്തക്കിലെ ആശുപത്രിയിലേക്ക് മാറ്റിയത് വ്യാഴാഴ്ച കൗമാരക്കാരന്റെ കൈയ്ക്ക് ശസത്രക്രിയ പൂർത്തിയായി. നിലവിൽ കൗമാരക്കാരന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കയില്ലെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കിയത്.
എന്നാൽ സാമ്പത്തിക പരാധീനത മൂലം കേസുമായി മുന്നോട്ട് പോകാൻ തയ്യാറല്ലെന്നാണ് കൗമാരക്കാരന്റെ കുടുംബം വിശദമാക്കുന്നത്. അതിനാൽ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ജിന്ദ് പൊലീസ് തുടർ നടപടി സ്വീകരിക്കട്ടെയെന്നാണ് പൊലീസിന്റെ നിലപാട്.