ധർമസ്ഥല: പെൺകുട്ടികളുടെ മൃതദേഹങ്ങൾ വിവിധ സ്ഥലങ്ങളിൽ കുഴിച്ചിട്ടെന്നു വെളിപ്പെടുത്തിയ കർണാടകയിലെ ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് നിർണായക തെളിവ്. 5 സ്ഥലങ്ങളിൽ കുഴിച്ചെങ്കിലും ഒന്നും കിട്ടിയിരുന്നില്ലെങ്കിലും ആറാമത്തെ പോയിന്റിൽ നിന്നു അസ്ഥികൾ കണ്ടെത്തി. ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ നേത്രാവതി സ്നാനഘട്ടത്തിനു സമീപത്തെ ആറാമത്തെ പോയിന്റിൽനിന്നാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാണിച്ച 5 സ്ഥലങ്ങളിൽ കുഴിച്ചെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. അതേസമയം താൻ ജോലി ചെയ്തിരുന്ന സമയത്ത് നൂറോളം മൃതദേഹങ്ങൾ കുഴിച്ചിടാൻ നിർബന്ധിതനായി എന്നു വെളിപ്പെടുത്തിയാണ് ശുചീകരണ തൊഴിലാളി കോടതിയെ സമീപിച്ചത്. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. നേത്രാവതി സ്നാനഘട്ടത്തിനു സമീപം വനത്തിലും റോഡരികിലുമായി 13 സ്ഥലങ്ങളാണ് പരിശോധനയ്ക്കായി പോലീസ് അടയാളപ്പെടുത്തിയിരിക്കുന്നത്.
ഏതാനും നാളുകൾക്കു മുൻപു ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താൻ നിർബന്ധിതനായിട്ടുണ്ടെന്നായിരുന്നു മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ നടത്തിയത്. 1998 നും 2014 നും ഇടയിൽ ധർമസ്ഥലയിലും സമീപ പ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങളാണ് താൻ കത്തിച്ചതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ആ സമയം ധർമസ്ഥല ക്ഷേത്ര ഭരണസമിതിക്കു കീഴിലാണ് ഇയാൾ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നത്.
തന്റെ വെളിപ്പെടുത്തലിനു ശേഷം തനിക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്നും ഇയാൾ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിക്കാൻ തന്റെ സൂപ്പർവൈസറാണ് ഉത്തരവിട്ടിരുന്നതെന്നും പോലീസിൽ പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നും തൊഴിലാളി വെളിപ്പെടുത്തിയിരുന്നു. പക്ഷെ ഇരകൾക്ക് നീതി കിട്ടണമെന്ന ആഗ്രഹത്താലാണ് ഒരു പതിറ്റാണ്ടിനുശേഷം പോലീസിനെ സമീപിച്ചതെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ.