കൊച്ചി: വിജയ് സേതുപതി- നിത്യാ മേനോൻ എന്നിവർ ജോഡികളായ ‘ തലൈവൻ തലൈവി’ ലോകമെമ്പാടും ബോക്സ് ഓഫീസിൽ തൂത്തു വാരുന്നുവെന്ന് റിപ്പോർട്ട്. അതോടൊപ്പം ‘സാർ മാഡം’ എന്ന പേരിൽ തെലുങ്ക് മാട്ടലാടി (സംസാരിച്ച് ) ആഗസ്റ്റ് 1 മുതൽ ആന്ധ്രയിലും, തെലുങ്കാനയിലും റിലീസാവുകയാണ്. ആഗോള വിജയം നേടിയ ‘തലൈവൻ തലൈവി’യെ നായകൻ വിജയ് സേതുപതി, സംവിധായകൻ പാണ്ഡിരാജ് എന്നിവരുടെ ശക്തമായ തിരിച്ചു വരവായി സിനിമയായി വിശേഷിപ്പിക്കാം. വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പനിങ്ങും കളക്ഷനും ഈ ചിത്രത്തിലൂടെ നേടിയിരിക്കുയാണ്.
‘ മഹാരാജ’ക്ക് മുമ്പും ശേഷവും പറയത്തക്ക ബോക്സ് ഓഫീസ് വിജയമൊന്നും തമിഴിൽ താരത്തിൻ്റെ ക്രെഡിറ്റിൽ ഇല്ല. ഒടുവിലായി എത്തിയ ഏസ് ‘ ബോക്സ് ഓഫീസിൽ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നു പോയി. എന്നാൽ ‘ തലൈവൻ തലൈവി’ യുടെ മഹാവിജയം വിജയ് സേതുപതിക്ക് വമ്പൻ തിരിച്ചുവരവാണു നൽകിയിരിക്കുന്നത്. റിലീസിൻ്റെ ആദ്യത്തെ ഒരാഴ്ച്ച പൂർത്തിയാക്കുമ്പോൾ ചിത്രത്തിൻ്റെ തമിഴ് പതിപ്പിൻ്റെ കളക്ഷൻ മാത്രം ആഗോള തലത്തിൽ അമ്പതു കോടി കടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സൂര്യ നായകനായ ‘എതർക്കും തുനിന്തവൻ’ (ET) ആയിരുന്നു പാണ്ഡിരാജിൻ്റെ ഒടുവിലത്തെ ചിത്രം. ആരാധകരുടെ പ്രതീക്ഷകൾ തകർത്ത് ബോക്സ് ഓഫീസിൽ കീഴടങ്ങിയ ചിത്രം റിലീസ് ചെയ്ത് മൂന്നു വർഷത്തെ ഇടവേളക്ക് ശേഷമാണ് ‘തലൈവൻ തലൈവി’യിലൂടെ പാണ്ഡിരാജും തൻ്റെ ഗ്രാഫ് ഉയർത്തിയിരിക്കയാണ്.
തമിഴിലെ മുൻ നിര നിർമ്മാതാക്കളായ സത്യ ജ്യോതി ഫിലിംസിനും തങ്ങളുടെ കിരീടത്തിൽ പൊൻ തൂവൽ അണിയിച്ചിരിക്കയാണ് ‘തലൈവൻ തലൈവി’. സ്ഥിരം നിർമ്മാതാക്കളായ ഇവരുടെ ക്രെഡിറ്റിൽ അജിത്തിൻ്റെ ബോക്സ് ഓഫീസ് സ്ട്രോം ആയ വിശ്വാസം എന്ന സിനിമയ്ക്കുശേഷം വലിയ വിജയങ്ങൾ ഒന്നും ഇല്ല. അതിനു ശേഷം നിർമ്മിച്ച പട്ടാസ്, അൻപറിവ്, മാരൻ, വീരൻ, ക്യാപ്ടൻ മില്ലർ എന്നീ സിനിമകൾ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. ശിവ കാർത്തികേയൻ, വിഷ്ണു വിശാൽ ഉൾപ്പെടെയുള്ള മുൻ നിര നായകന്മാർ അഭിനയിക്കുന്ന നാലു സിനിമകളാണ് നിലവിൽ നിർമ്മാണത്തിലുള്ളത്. ഏതായാലും കുടുംബ സദസുകൾ ഏറ്റെടുത്ത ‘ തലൈവൻ തലൈവി’ യുടെ മഹാവിജയം, ചിത്രത്തിൻ്റെ അണിയറക്കാർക്ക് മാത്രമല്ല തമിഴ് ഇൻഡസ്ട്രിക്കും കൂടുതൽ കരുത്ത് പകർന്നിരിക്കയാണ്.
ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ- ആർകെ സുരേഷ് , യോഗി ബാബു, പരുത്തി വീരൻ ശരവണൻ, കാളി വെങ്കട്ട്, ചെമ്പൻ വിനോദ് ജോസ്, സെൻട്രായൻ, അരുൾ ദാസ്, വിനോദ് സാഗർ, മയാ നന്ദിനി, രോഷിണി ഹരി പ്രിയ, ദീപാ ശങ്കർ, ജാനകി സുരേഷ്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം. നവാഗതരായ എച്ച് എം അസോസിയേറ്റ്സാണ് തലൈവൻ തലൈവിയുടെ കേരളത്തിലെ വിതരണക്കാർ. രജനിയുടെ ‘കൂലി’ യാണ് ഇവരുടെ അടുത്ത റിലീസ്. പിആർഒ- സികെ അജയ് കുമാർ.