മോസ്കോ: റഷ്യയിലെ കാംചത്ക ഉപദ്വീപിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ പത്തോളം രാജ്യങ്ങളിൽ സൂനാമി മുന്നറിയിപ്പ്. ജപ്പാൻ, യുഎസ് അടക്കമുള്ള പല രാജ്യങ്ങളിലും ഇതിനകം സൂനാമി തിരകൾ എത്തിത്തുടങ്ങി. ഭൂകമ്പത്തെ തുടർന്നു റഷ്യൻ തീരങ്ങളിൽ ശക്തമായ സൂനാമി ആഞ്ഞടിച്ചിരുന്നു. യുഎസ്സിൽ ഹവായിലെ തീരങ്ങളിലാണ് സൂനാമി തിരകൾ ആദ്യമെത്തിയത്. ഇവിടെ കനത്ത ജാഗ്രത തുടരുകയാണ്.
കിഴക്കൻ റഷ്യയിലെ തുറമുഖ നഗരമായ സെവേറോ-കുറിൽസ്കിൽ തിരയിൽ കപ്പലുകൾ ഒലിച്ചുപോവുകയും തീരത്ത് കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ജപ്പാനിലും മുന്നറിയിപ്പ് നൽകിയ ഒട്ടുമിക്ക തീരങ്ങളിലും ഇതിനകം സൂനാമി തിരകൾ എത്തിയിട്ടുണ്ട്. ചൈനയിൽ കിഴക്കൻ തീരങ്ങളിൽ സൂനാമിക്കൊപ്പം ചുഴലിക്കാറ്റ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
റഷ്യയിലെ സെവേറോ-കുറിൽസ്ക് മേഖലയിൽ സൂനാമി തിരകൾ കരയിലേക്ക് ആഞ്ഞടിക്കുന്ന ഒട്ടേറെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പസിഫിക് സമുദ്രത്തിൽ പെട്രോപാവ്‌ലോവ്‌സ്ക് – കാംചാറ്റ്സ്കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിൽ സൂനാമി തിരകൾ ആഞ്ഞടിച്ചിരുന്നു. ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു. 2011ല്‍ ജപ്പാനിൽ ആഞ്ഞടിച്ച സൂനാമിയില്‍ ആണവകേന്ദ്രം തകർന്നിരുന്നു. ജപ്പാനിലും അമേരിക്കയിലും സൂനാമി മുന്നറിയിപ്പ് നേരത്തേ പുറപ്പെടുവിച്ചിരുന്നു. അലാസ്കയിലും ഹവായിയിലും യുഎസ് അധികൃതർ സൂനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശത്ത് നിന്നും ഒഴിപ്പിക്കൽ നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇന്തോനീഷ്യ, ഫിലിപ്പീൻസ്, ന്യൂസിലൻഡ്, കാനഡ തുടങ്ങി പത്തോളം രാജ്യങ്ങളിലും സൂനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജൂലൈ 20നു റഷ്യയിൽ ഒരു മണിക്കൂറിനിടെ 5 ഭൂകമ്പമാണ് ഉണ്ടായത്. പസഫിക് സമുദ്രത്തിൽ പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്സ്കി നഗരത്തിന് അടുത്തായാണ് അന്ന് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുടർച്ചയായി ഭൂകമ്പം ഉണ്ടായതിനെ തുടർന്നു സൂനാമി മുന്നറിയിപ്പ് നൽകിയിരുന്നു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. 6.7 മുതൽ 7.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായ മേഖലയ്ക്ക് 300 കിലോമീറ്റർ ചുറ്റളവിൽ സൂനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് ചിലയിടങ്ങളിൽ സൂനാമി മുന്നറിയിപ്പ് പിൻവലിച്ചിരുന്നു. 1900 മുതൽ 8.3 തീവ്രത രേഖപ്പെടുത്തിയ ഏഴു ഭൂകമ്പങ്ങൾ പ്രദേശത്തുണ്ടായിട്ടുണ്ട്. 1952ൽ 9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. അന്ന് ആളപായമുണ്ടായില്ല.