കൊച്ചി: മുസ്‌ലിം സമുദായത്തിനെതിരായ അധിക്ഷേപ പരാമർശത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശ്രീനാരായണ സേവാസംഘം രംഗത്ത്. മകന് കേന്ദ്രത്തിൽ അധികാരം നേടുന്നതിന് ബിജെപിയെ പ്രീണിപ്പിക്കുവാൻ നടത്തുന്ന കുടിലതന്ത്രങ്ങളുടെ ദുരന്തഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നത് ഈഴവ സമുദായമാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവന കടുത്ത ഗുരുനിന്ദയും വർഗീയ വേർതിരിവ് സൃഷ്ടിക്കുന്നതാണെന്നും ശ്രീനാരായണ സേവാസംഘം ഭാരവാഹികൾ പറഞ്ഞു.
അതുപോലെ വെള്ളാപ്പള്ളി നടേശന്റെ വലയിൽ കുടുങ്ങിയ രാഷ്ട്രീയ നേതാക്കൾ വെള്ളാപ്പള്ളിയുടെ വാഴ്ത്തുപാട്ടുകാരായി മാറിയിരിക്കുകയാണ്. സാമൂഹീക നീതിയുടെ കാവൽഭടന്മാരായി എക്കാലവും നിലകൊണ്ടിട്ടുള്ള പാരമ്പര്യമാണ് മുസ്‌ലിം സമുദായത്തിനും ലീഗിനുമുള്ളതെന്നും സേവാസംഘം ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
അതേസമയം എസ്എൻ ട്രസ്റ്റിന്റെ മൂന്ന് ആശുപത്രികൾ വെള്ളാപ്പള്ളി നടേശൻ വിറ്റുതുലച്ചുവെന്നും ഭാരവാഹികൾ ആരോപിച്ചു. മൈക്രോ ഫിനാൻസ് വായ്പാ തട്ടിപ്പുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വെള്ളാപ്പള്ളി നടേശൻ. സമുദായത്തിന്റെ അന്തകനാണ്. വെള്ളാപ്പള്ളിയുടെ കഴിഞ്ഞ 29 വർഷത്തെ കിരാത വാഴ്ചയിലൂടെ എസ്എൻഡിപി യോഗത്തിനും എസ്എൻ ട്രസ്റ്റിനുമുണ്ടായിട്ടുള്ള അപചയവും അധഃപതനവും വിവരണാതീതമാണെന്നും ഭാരവാഹികൾ പറഞ്ഞു.
ഏതാനും ദിവസം മുൻപ് കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമർശം ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. 100 വർഷത്തിനകം മുസ്‌ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞു. അതിന് 40 വർഷം വേണ്ടി വരില്ല. കേരളത്തിൽ ജനാധിപത്യമല്ല, മതാധിപത്യമാണുള്ളതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.