ന്യൂഡൽഹി: നിമിഷപ്രിയ വധശിക്ഷ താൽക്കാലികമായി മരവിപ്പിച്ച സംഭവത്തിൽ തലാഖിന്റെ കുടുംബത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കമെന്റിടുന്നവർക്കെതിരെ സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നിയമസമിതി കൺവീനർ അഡ്വ. സുഭാഷ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. വധശിക്ഷ ഒഴിവാക്കാനും മോചനം സാധ്യമാക്കാനും ഇനിയും അനേകം കടമ്പകൾ കടക്കേണ്ടതുണ്ട്. നാം മനസ്സിലാക്കേണ്ടത്, ക്രൂരമായി കൊല ചെയ്യപ്പെട്ട സഹോദരന്റെ ബന്ധുമിത്രാദികളുടെയും സ്നേഹിതരുടെയും വേദന നാം ഊഹിക്കുന്നതിലും അപ്പുറം ആണ്. നീണ്ട എട്ടു വർഷക്കാലം അവർ നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയമാണ് ഈ വധശിക്ഷ. അവരുടെ സഹോദരന്റെ രക്തത്തിന് പകരം അവർക്ക് ലഭിച്ച നീതി. അതിലാണ് നാം വിട്ടുവീഴ്ചയും ക്ഷമയും ചോദിക്കുന്നത്.
ഒരിക്കലും അത് നമ്മുടെ അവകാശമല്ല. കരുണാർദ്രമായ മനസ്സിന്റെയും സ്വഭാവ മഹിമയുടെയും ഉടമകളായ യമനികളുടെ ഔദാര്യമാണ് നാം യാചിക്കുന്നത്. ഇത്രയും സങ്കീർണ്ണമായ ഒരു കേസിൽ കുടുംബവുമായി അനുനയ ചർച്ചകൾ നടത്തി മാപ്പ് നൽകാൻ സന്നദ്ധരാക്കുക എന്നത് നിസ്സാരമായ ഒരു ഉദ്യമമല്ല. അങ്ങേയറ്റം ശ്രമകരമായ ദൗത്യമാണ് ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളിന്റെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. ശക്തമായ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകും എന്നും അവ ഏകോപിപ്പിക്കൽ ദുഷ്കരമാണെന്നും നമുക്ക് ഊഹിക്കാവുന്നതാണല്ലോ.
ഈ പരിശ്രമങ്ങൾ നടക്കുന്നത് സോഷ്യൽ മീഡിയയിൽ അല്ല എന്നത് നാം ഉൾക്കൊള്ളണം. ഗ്രൗണ്ട് റിയാലിറ്റി നാം ഫേസ്ബുക്കിൽ കാണുന്നതല്ലായെന്നും സുഭാഷ് ചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അതുപോലെ കാന്തപുരം വിരോധം ശ്വാസവായുമായി കൊണ്ട് നടക്കുന്നവരെ എന്തെങ്കിലും ബോധ്യപ്പെടുത്താനാവും എന്ന് കരുതുന്നില്ല. ചന്ദ്രനെ പിളർത്തി കാണിച്ചപ്പോഴും ബോധ്യപ്പെടാത്ത അബൂ ജഹലുമാരുടെ മുന്നിൽ മറ്റാർക്കും ലഭിക്കാത്ത വിധിയുടെ പകർപ്പുമായി വന്ന ഉസ്താദിനെ ബോധ്യപ്പെടാത്തവർ ഒന്നുമല്ലല്ലോ. അവരെ ബോധ്യപ്പെടുത്തലും പിന്തുണ വാങ്ങലും അല്ല നമ്മുടെ ലക്ഷ്യം. ദയവുചെയ്ത് പ്രബുദ്ധ മലയാളികളും മാധ്യമങ്ങളും അല്പം ജാഗ്രത കാണിക്കണമെന്നും പോസ്റ്റിൽ പറയുന്നു.
അഡ്വ. സുഭാഷ് ചന്ദ്രന്റെ പോസ്റ്റ് ഇങ്ങനെ-
പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ, ആക്റ്റിവിസ്റ്റ്കളെ, സോഷ്യൽ മീഡിയയിൽ ഇടപെടുന്ന സഹോദരങ്ങളെ…
നിമിഷ പ്രിയ്യ കേസിൽ കാന്തപുരം ഉസ്താദിന്റെ ഇടപെടലിലൂടെ നിലവിൽ ഉണ്ടായിട്ടുള്ളത് വധശിക്ഷ താൽക്കാലികമായി മരവിപ്പിക്കുന്ന നടപടി മാത്രമാണ്. ശിക്ഷ നടപ്പിലാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ള സമയത്ത് ഉസ്താദിലൂടെ ലഭിച്ച ആ ഉത്തരവ് വലിയ ആശ്വാസം തന്നെയായിരുന്നു. പക്ഷെ വധശിക്ഷ ഒഴിവാക്കാനും മോചനം സാധ്യമാക്കാനും ഇനിയും അനേകം കടമ്പകൾ കടക്കേണ്ടതുണ്ട്. നാം മനസ്സിലാക്കേണ്ടത്, ക്രൂരമായി കൊല ചെയ്യപ്പെട്ട സഹോദരന്റെ ബന്ധുമിത്രാദികളുടെയും സ്നേഹിതരുടെയും വേദന നാം ഊഹിക്കുന്നതിലും അപ്പുറം ആണ്. നീണ്ട എട്ടു വർഷക്കാലം അവർ നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയമാണ് ഈ വധശിക്ഷ. അവരുടെ സഹോദരന്റെ രക്തത്തിന് പകരം അവർക്ക് ലഭിച്ച നീതി. അതിലാണ് നാം വിട്ടുവീഴ്ചയും ക്ഷമയും ചോദിക്കുന്നത്.
ഒരിക്കലും അത് നമ്മുടെ അവകാശമല്ല. കരുണാർദ്രമായ മനസ്സിന്റെയും സ്വഭാവ മഹിമയുടെയും ഉടമകളായ യമനികളുടെ ഔദാര്യമാണ് നാം യാചിക്കുന്നത്. ഇത്രയും സങ്കീർണ്ണമായ ഒരു കേസിൽ കുടുംബവുമായി അനുനയ ചർച്ചകൾ നടത്തി മാപ്പ് നൽകാൻ സന്നദ്ധരാക്കുക എന്നത് നിസ്സാരമായ ഒരു ഉദ്യമമല്ല. അങ്ങേയറ്റം ശ്രമകരമായ ദൗത്യമാണ് ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളിന്റെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. ശക്തമായ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകും എന്നും അവ ഏകോപിപ്പിക്കൽ ദുഷ്കരമാണെന്നും നമുക്ക് ഊഹിക്കാവുന്നതാണല്ലോ. ഈ പരിശ്രമങ്ങൾ നടക്കുന്നത് സോഷ്യൽ മീഡിയയിൽ അല്ല എന്നത് നാം ഉൾക്കൊള്ളണം. ഗ്രൗണ്ട് റിയാലിറ്റി നാം ഫേസ്ബുക്കിൽ കാണുന്നതല്ല. പ്രതീക്ഷാർഹമായ രൂപത്തിൽ നമ്മുടെ നീക്കങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് പ്രായോഗികമായ തടസ്സങ്ങൾ ഉണ്ട്. അതിനിടയിൽ ഏതെങ്കിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കാണുന്ന ബഹളങ്ങളുടെയും തർക്കങ്ങളുടെയും പിന്നാലെ പോയി ഇല്ലാത്ത തടസ്സങ്ങൾ നമ്മളായി ഉണ്ടാക്കരുത്. മലയാളത്തിലെ പ്രമുഖമായ രണ്ട് മാധ്യമങ്ങളുടെ പ്രവർത്തനം പലപ്പോഴും ഈ നിലയിൽ ആയി പോകുന്നുണ്ട്. സ്വാഭാവികമായ വികാരങ്ങൾ പ്രകടിപ്പിക്കുന്ന യമനിലെ സഹോദരങ്ങളുടെ ഫേസ്ബുക്ക് കമന്റുകളിലും ഇൻബോക്സിലും പോയി എരിതീയിൽ എണ്ണയൊഴിച്ച് കൊടുക്കുന്നവരുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
ശരിഅ നിയമ പ്രകാരം ആരുടെ സമ്മതമാണോ നമുക്ക് ആവശ്യമുള്ളത് അവരെല്ലാം ചർച്ചകളിൽ നമ്മോട് പൂർണമായും സഹകരിക്കുന്നുണ്ട്. ഉപാധികളുടെ കാര്യത്തിൽ മാത്രമേ അന്തിമ തീരുമാനം ആകാനുള്ളൂ. വരുന്ന ദിവസങ്ങളിൽ കൂടുതൽ സന്തോഷ വാർത്തകൾ നമ്മെ തേടിയെത്തും. ക്ഷമയോടെ കാത്തിരിക്കുക. ഇതുമായി ബന്ധപ്പെട്ട ഓരോ നീക്കങ്ങളും അതിന്റെ ഫലങ്ങളും അറിയിക്കേണ്ടവരെ അതാത് സമയം ഉത്തരവാദപ്പെട്ട ആളുകൾ അറിയിക്കുന്നുണ്ട്. കാന്തപുരം വിരോധം ശ്വാസവായുമായി കൊണ്ട് നടക്കുന്നവരെ എന്തെങ്കിലും ബോധ്യപ്പെടുത്താനാവും എന്ന് കരുതുന്നില്ല.
ചന്ദ്രനെ പിളർത്തി കാണിച്ചപ്പോഴും ബോധ്യപ്പെടാത്ത അബൂ ജഹലുമാരുടെ മുന്നിൽ മറ്റാർക്കും ലഭിക്കാത്ത വിധിയുടെ പകർപ്പുമായി വന്ന ഉസ്താദിനെ ബോധ്യപ്പെടാത്തവർ ഒന്നുമല്ലല്ലോ. അവരെ ബോധ്യപ്പെടുത്തലും പിന്തുണ വാങ്ങലും അല്ല നമ്മുടെ ലക്ഷ്യം. ദയവുചെയ്ത് പ്രബുദ്ധ മലയാളികളും മാധ്യമങ്ങളും അല്പം ജാഗ്രത കാണിക്കണം. ഈ വിഷയത്തിൽ പ്രത്യേകിച്ച് യാതൊരു റോളും ഇല്ലാത്ത ആളുകളുടെ അനാവശ്യമായ ഇടപെടലുകളുമായി എൻഗ്വേജ് ചെയ്യുന്നത് അപഹാസ്യമാണ്. അവഗണിക്കേണ്ടതിനെ അവഗണിക്കാൻ കഴിയലാണ് പക്വത. അവർക്കുള്ള മറുപടികൾ കാലം നൽകും. ഉസ്താദ് ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. തുടർന്നും അങ്ങനെ തന്നെ നിർവഹിക്കും. അതൊക്കെ ബോധ്യപ്പെടേണ്ട ആളുകൾക്ക് പരിപൂർണ്ണമായും ബോധ്യപ്പെട്ടതാണ്. കൂടെ നിൽക്കാത്തവർ ഏറ്റവും ചുരുങ്ങിയത് ഉസ്താദിന്റെ വഴിയിൽ കല്ലും മുള്ളും വാരി വിതറുന്ന പരിപാടിയെങ്കിലും അവസാനിപ്പിക്കണം.