ആലപ്പുഴ : കാര്‍ത്തിക പള്ളിയിൽ തകര്‍ന്നു വീണ സ്കൂൾ കെട്ടിടം പ്രവര്‍ത്തിക്കുന്നതായിരുന്നില്ലെന്ന പ്രധാന അദ്ധ്യാപകൻ ബിജുവിന്റെ വാദം തള്ളി വിദ്യാര്‍ത്ഥികളും നാട്ടുകാരും. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിന്റെ വരാന്തയുടെ ഭാഗമാണ് തകര്‍ന്നതെന്നും ഈ കെട്ടിടത്തിൽ ഒരു വര്‍ഷമായി ക്ലാസുകൾ നടക്കുകയോ ഓഫീസ് പ്രവർത്തിക്കുകയോ ചെയ്യുന്നില്ലെന്നുമായിരുന്നു പ്രധാന അദ്ധ്യാപകൻ വിശദീകരിച്ചത്. കെട്ടിടം ഈ അവസ്ഥയിലായിട്ട് ചുരുക്കം നാളുകളേ ആയിട്ടുള്ളു. ഇത് പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് പഞ്ചായത്ത് നടപടികൾ നടന്നുവരികയാണെന്നും അധ്യാപകൻ വിശദീകരിച്ചിരുന്നു.
എന്നാൽ പ്രധാന അധ്യാപകനെ പൂര്‍ണമായും തള്ളുകയാണ് വിദ്യാര്‍ത്ഥികളും നാട്ടുകാരും. ക്ലാസുകൾ കഴിഞ്ഞ ആഴ്ച വരെ പ്രവര്‍ത്തിച്ചിരുന്നതായാണ് കുട്ടികളും നാട്ടുകാരും ചില രക്ഷിതാക്കളും പ്രതികരിച്ചത്. അപകടം നടന്നതിന് പിന്നാലെ ക്ലാസ് റൂമുകളിലെ ബെഞ്ചും ഡെസ്ക്കും എടുത്ത് മാറ്റിയെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. സ്ഥലത്ത് പ്രതിഷേധം ശക്തമാണ്.
കാർത്തികപ്പള്ളി യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാണ് ശക്തമായ മഴയിൽ ഇന്ന് രാവിലെ തകര്‍ന്ന് വീണത്. അവധി ദിവസമായതിനാൽ കുട്ടികളില്ലാത്തതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. സ്കൂളിലെ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂരയാണ് തകർന്നത്. കെട്ടിടം പ്രവര്‍ത്തിച്ചിരുന്നോ എന്നതിൽ ഇതുവരെയും വ്യക്തതയായിട്ടില്ല.
കാർത്തികപ്പള്ളി യു പി സ്കൂളിലെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണ കെട്ടിടം അപകടാവസ്ഥയിലായിരുന്നതിനാൽ ഈ വർഷം ഫിറ്റ്നസ് നൽകിയിരുന്നില്ലെന്ന് ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് പത്മശ്രീ ശിവദാസൻ വ്യക്തമാക്കി. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിൽ ക്ലാസ് മുറികൾ പ്രവർത്തിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.